മുഖ്യമന്ത്രിയോട് നന്ദി പറയാൻ അബൂബക്കർ സിദ്ദീഖ് അക്ബർ എത്തി
text_fieldsഅബൂബക്കർ സിദ്ദീഖ്
അക്ബർ
തിരൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നന്ദി പറയാൻ അബൂബക്കർ സിദ്ദീഖ് അക്ബർ തിരൂർ മണ്ഡലം നവകേരള സദസ്സിന്റെ പ്രഭാത സദസ്സിനെത്തി. 95 ശതമാനം ഭിന്നശേഷിക്കാരനായ പൊന്നാനി സ്വദേശി അബൂബക്കർ സിദ്ദീഖ് അക്ബറിന് വിദ്യാഭ്യാസ രംഗത്ത് പ്രയാസങ്ങൾ അനുഭവിച്ച സമയത്ത് തുണയായ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനാണ് തിരൂർ ബിയാൻകോ കാസിലിലെത്തിയത്.
പ്രഭാത സദസ്സിലെ പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായി പങ്കെടുത്തപ്പോഴാണ് അബൂബക്കർ സിദ്ദീഖ് തനിക്ക് മുഖ്യമന്ത്രി വിദ്യാഭ്യാസ മേഖലയിൽ അനുവദിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നേരിൽ കണ്ടെങ്കിലും തന്റെ അപേക്ഷ ഫലംകണ്ടില്ലെന്നും എന്നാൽ, ഇ-മെയിൽ വഴി അപേക്ഷ നൽകിയപ്പോൾ 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആവശ്യം അംഗീകരിച്ചെന്നും അബൂബക്കർ സിദ്ദീഖ് പറഞ്ഞു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് സിദ്ദീഖിന് പിണറായി വിജയന്റെ സഹായഹസ്തം ലഭിച്ചത്. സ്റ്റാഫ് ക്വാർട്ടേഴ്സിന് മൂന്ന് മാസത്തേക്ക് എണ്ണായിരം രൂപ നൽകിയാൽ മതിയെന്ന് അനുവദിച്ച് യൂനിവേഴ്സിറ്റി രജിസ്ട്രാർക്ക് നിർദേശം വരുകയും അറ്റകുറ്റപ്പണിക്കായി 1,45,000 രൂപ സിൻഡിക്കേറ്റ് അനുവദിച്ചെന്നും അബൂബക്കർ സിദ്ദീഖ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 15ന് നടൻ മമ്മൂട്ടി നൽകിയ വീൽചെയറിലാണ് സിദ്ദീഖിന്റെ ഇപ്പോഴത്തെ യാത്ര. ഹ്യൂമൻ ഇൻസ്പെയറിങ്ങിന് ലോക റെക്കാഡ് ജേതാവായ അബൂബക്കർ സിദ്ദീഖ് കഴിഞ്ഞ കോവിഡ് കാലത്ത് കേരളത്തിലെ കോളജുകൾ സംഘടിപ്പിച്ച വെബിനാറുകളിൽ പങ്കെടുക്കുകയും 28 ഇനങ്ങളിൽ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. പിതാവ് മുഹമ്മദ് അക്ബറും പ്രഭാത സദസ്സിനെത്തിയിരുന്നു.


