ആലിപ്പറമ്പിൽ കരുതലോടെ ലീഗ് നേതൃത്വം; അധ്യക്ഷയെ കണ്ടെത്താൻ യോഗം ഇന്ന്
text_fieldsആലിപ്പറമ്പ്: മികച്ച ഭൂരിപക്ഷത്തിൽ തുടർഭരണം നേടിയ ആലിപ്പറമ്പ് പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തുടർ നീക്കങ്ങൾ സൂക്ഷ്മതയോടെ. പ്രസിഡന്റ് പദം വനിത സംവരണമാണ്. അന്തിമമായി ആരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. വിഷയം ചർച്ചയിലാണ്. 24ൽ 15 വാർഡിൽ മുസ്ലിം ലീഗും മൂന്നിടത്ത് കോൺഗ്രസും വിജയിച്ചിട്ടുണ്ട്. നേരത്തേ ഏഴു വാർഡിൽ വിജയിച്ച സി.പി.എം വാർഡുകൾ കൂടിയിട്ടും ആറു സീറ്റിൽ ഒതുങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ലീഗ് പഞ്ചായത്ത് അധ്യക്ഷ കൂടിയായ ആയിശ മേക്കോട്ടിൽ, തൂതയിൽനിന്ന് വിജയിച്ച കെ.പി. ഹസീന, മുൻ വൈസ് പ്രസിഡന്റായ കെ. ഷീജ എന്നിങ്ങനെ മൂന്നു പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഒതുങ്ങിയ കോൺഗ്രസിന് മൂന്നു വാർഡിൽ വിജയിക്കാനായി. ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനം നൽകേണ്ടി വരും. മുൻവർഷം ഒറ്റ അംഗമേയുള്ളൂ എന്നതിനാൽ അത് നൽകിയില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് തലത്തിൽ ചർച്ച നടത്തി അനുകൂല തീരുമാനമെടുത്തെങ്കിലും ലഭിച്ചില്ല. വൈസ് പ്രസിഡന്റിനെ കണ്ടെത്താൻ വെള്ളിയാഴ്ച കോൺഗ്രസും യോഗം ചേരും.
2020ൽ 21വാർഡിൽ 13 സീറ്റിൽ ലീഗും ഒരിടത്ത് കോൺഗ്രസും വിജയിച്ച് ഭരണം നടത്തി വരുന്നതിനിടയിൽ ധാരണ പ്രകാരം ഒരു വർഷം കഴിഞ്ഞ് അധ്യക്ഷ സ്ഥാനം മറ്റൊരു ലീഗ് അംഗത്തിന് നൽകി. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് ഇതേ വിഷയം വീണ്ടും വന്നു. അധ്യക്ഷനെ മാറ്റാനുളള ധാരണയുണ്ടെന്നും ഇല്ലെന്നും പറഞ്ഞ് പഞ്ചായത്തിൽ ലീഗ് രണ്ടായി. 13 ലീഗ് അംഗങ്ങൾ ഏഴും ആറുമായി പിരിഞ്ഞു. പാർട്ടി തെരഞ്ഞെടുത്ത അംഗങ്ങൾക്കെതിരെ ലീഗിന് അവിശ്വാസം കൊണ്ടുവരേണ്ടി വന്നു. സി.പി.എം വിട്ടുനിന്നതോടെ അവിശ്വാസം ക്വാറം തികയാതെ നടന്നില്ല.
വിപ്പ് ലംഘിച്ചതിന് കേസും നൽകി. ലീഗിന് ഏറെ പരിക്കേൽപ്പിച്ച ആ സംഭവങ്ങൾക്ക് ശേഷം വീണ്ടും മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരം നേടിയതാണ്. അതിനാൽ, ലീഗ് മേൽഘടകങ്ങളുടെ കൂടി ഇടപെടലിലാവും ഇവിടെ ഭരണ നേതൃത്വത്തെ തീരുമാനിക്കുക. വെള്ളിയാഴ്ചയാണ് പാർലമെന്ററി സമിതി യോഗം.


