ഒടമലയിൽ ആളുകളെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsആലിപ്പറമ്പ്: ഗ്രാമപ്പഞ്ചായത്തിലെ ഒടമല, വളാംകുളം വാർഡുകളിൽ കുട്ടികളടക്കം ഒട്ടേറെപ്പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. നാട്ടുകാർ പിടികൂടിയ നായെ തൃശ്ശൂർ മണ്ണുത്തിയിലെ ഗവ. ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നായുടെ കടിയേറ്റവർ, നായെ സ്പർശിച്ചവർ, മുറിവുകൾ കഴുകിയവർ, കടിയേറ്റ കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രക്ഷിതാക്കൾ എന്നിവർ പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിലോ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും അറിയിച്ചിരുന്നു.
പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. നായുടെ കടിയേറ്റ മൂന്നര വയസ്സുള്ള കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് വയസ്സുള്ള ബാലികയെ കടിയേറ്റ നിലയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കടിയേറ്റ മറ്റുള്ളവർ പെരിന്തൽമണ്ണ ജില്ല ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽനിന്ന് കുത്തിവെപ്പെടുത്തു.