അംബേദ്കറുടെ ജീവിത പോരാട്ടം കാൻവാസിൽ; വരച്ചു ചേർത്തത് 20 അധ്യാപകർ
text_fieldsഅംബേദ്കറുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ചിത്രകലാ ക്യാമ്പിൽനിന്ന്
തേഞ്ഞിപ്പലം: ഭരണഘടന ശിൽപി അംബേദ്കറിന്റെ ജീവിത നാൾവഴികൾ വരച്ചുകാട്ടി 20 ചിത്രകലാ അധ്യാപകരുടെ ആത്മ സമർപ്പണം. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഒരുക്കിയ ‘ചിത്രാങ്കണം’ ചിത്രകലാ ക്യാമ്പിൽ കൂട്ടായ്മയിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 ചിത്രകാരൻമാരും മൂന്ന് ചിത്രകാരികളുമാണ് അംബേദ്കറിന്റെ ജീവിത പ്രയാണത്തിലെ നിർണായക നിമിഷങ്ങൾ കാൻവാസിലേക്ക് വരച്ചു ചേർത്തത്.
അംബേദ്കറുടെ ജനനവും വിദേശ പഠനവും ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളും ആദ്യ നിയമ മന്ത്രിയാകലും ഭരണഘടന ശിൽപിയായി തീരുന്നതും ബുദ്ധ മത സ്വീകരണവും എല്ലാം ഉൾപ്പെടുത്തി 20 ചരിത്രമുഹൂർത്തങ്ങളെ കോർത്തിണക്കിയാണ് ആകർഷകമായ 20 ചിത്രങ്ങൾ ഒരുക്കിയത്. 2021ൽ വിദ്യാരംഗം കലാസാഹിത്യ വേദി തിരുവനന്തപുരം വേളിയിൽ നടത്തിയ ക്യാമ്പിലൂടെയാണ് ‘ചിത്രാങ്കണ’ത്തിന്റെ പിറവി. കോവിഡ് കാലത്ത് ‘കൈറോ സ്ക്വീറോ’ എന്ന പേരിലും തുടർന്ന് കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കി കതിരൂരിലും ക്യാമ്പ് നടത്തി. കതിരൂർ പഞ്ചായത്തിന് 28 ചിത്രങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് 30 ചിത്രങ്ങളും സൗജന്യമായി വരച്ചു നൽകി.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ചിത്രകലാ ജീവിതത്തിനിടെയാണ് ശാസ്ത്രയാൻ പരിപാടിയോടനുബന്ധിച്ച് സർവകലാശാല ക്യാമ്പസിലേക്കുള്ള വരവ്. സർവകലാശാല ചരിത്രവിഭാഗം അധ്യാപകനും പാഠപുസ്തക സമിതി ചെയർമാനുമായ ഡോ. പി. ശിവദാസന് ചിത്രകാരൻ സുരേഷ് കാട്ടിലങ്ങാടിയുമായുള്ള സൗഹൃദമാണ് പുതിയ സർഗ്ഗസൃഷ്ടികൾക്കിടയാക്കിയത്. ബാലകൃഷ്ണൻ കതിരൂരാണ് നിലവിൽ 28 കലാകാരൻമാരുള്ള കൂട്ടായ്മയുടെ കൺവീനർ. എം.ടിയുടെ കഥകളും നോവലുകളും ആസ്പദമാക്കി കോഴിക്കോട് അടുത്ത ക്യാമ്പ് നടത്താനുള്ള ഒരുക്കത്തിലാണിവർ. ചിത്രകലാ അധ്യാപകരിൽ ജോലിയിലുളളവരും വിരമിച്ചവരുമുണ്ട്. ചിത്രങ്ങൾ സർവകലാശാല കാമ്പസിൽ നടക്കുന്ന ശാസ്ത്രയാൻ പരിപാടിയിൽ പ്രദർശിപ്പിക്കും.