എരിഞ്ഞുതീരാത്ത സ്നേഹച്ചിത
text_fieldsചങ്ങരംകുളം: നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് വീട്ടിൽ ഒരു നേരത്തെ അന്നം ചോദിച്ചെത്തിയ പാലക്കാട് നെന്മാറ വിത്തനശ്ശേരി രാജനെ കൂടപ്പിറപ്പാക്കിയ നരണിപ്പുഴ സ്വദേശി മുഹമ്മദിന്‍റെ സ്നേഹക്കഥയാണിത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ അംഗം കൂടിയായ മുഹമ്മദ് ആ ദിവസം രാജന് നൽകിയത് പുതിയ ഒരു കുടുംബത്തെക്കൂടിയായിരുന്നു. മുഹമ്മദ് മരിച്ചതോടെ മകൻ കണ്ണംചാത്ത് വളപ്പിൽ അലിമോൻ രാജന് തുണയായി. ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ച രാജന് ബന്ധുവായി ഉണ്ടായിരുന്നത് ഏക അമ്മാവൻ മാത്രമായിരുന്നു.
വല്ലപ്പോഴും നെന്മാറയിൽ പോയിരുന്ന രാജൻ അമ്മാവന്റെ മരണത്തോടെ നെന്മാറയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ രാജന്റെ ബന്ധുക്കളും ഉറ്റവരും ഉടയവരും സുഹൃത്തുകളും അലിമോന്റെ കുടുംബവും നരണിപ്പുഴക്കാരായി മാറി. കഴിഞ്ഞ വർഷാവസാനത്തോടെ നെഞ്ചുവേദനയെ തുടർന്ന് രാജൻ മരണപ്പെട്ടു. അലിമോൻ തന്റെ പ്രിയ സഹോദരന് അദ്ദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യകർമം വീട്ടിൽ ഒരുക്കി. വീടിന് മുന്നിൽ നിലവിളക്ക് വെച്ച് പായയിൽ വെള്ള വിരിച്ച് രാജനെ കിടത്തിയപ്പോൾ അലിമോനൊപ്പം നാടും കുടുംബവും തേങ്ങി. നാട്ടുകാരായ എ. സുരേന്ദ്രൻ, എം.എസ്. കുഞ്ഞുണ്ണി എന്നിവരുടെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ വീടിന്റെ ഉമ്മറത്ത് നടന്നു.
പൊന്നാനി കുറ്റിക്കാട് പൊതു ശ്മശാനത്തിൽ അലിമോനും മകൻ റിഷാനും രാജന്റെ ചിതക്ക് തീ കൊളുത്തി. ചിതാഭസ്മം അടുത്ത ദിവസം തിരുനാവായ നാവാമുകുന്ദ ക്ഷേത്ര സന്നിധിയിൽ തന്ത്രിയുടെ നേതൃത്വത്തിൽ കർമങ്ങൾ ചെയ്ത് ഭാരതപ്പുഴയിലൊഴുക്കിയതും അലിമോൻ തന്നെയായിരുന്നു. ദിവസങ്ങൾക്ക് ശേഷം രാജൻ വിട പറഞ്ഞ ഓർമയിൽ വീട്ടിൽ സദ്യയൊരുക്കാനും മറന്നില്ല. നരണിപ്പുഴ കണ്ണംചാത്ത് വളപ്പിൽ വീട്ടിലെ അംഗമായി ജീവിച്ച രാജന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വീട്ടിൽ തന്നെ സദ്യ നൽകണമെന്ന് വീട്ടുകാർ പറയുകയായിരുന്നു.
കാലം മായ്ക്കാത്ത സ്നേഹവും മതങ്ങളുടെ പരസ്പര ബഹുമാനവും ഊട്ടി ഉറപ്പിക്കുന്നതോടെ മതവും നിറവുമല്ല മനുഷ്യബന്ധമാണ് സ്നേഹത്തിന്റെ അളവുകോലെന്ന് ഈ സൗഹൃദവും വിളിച്ചുപറയുന്നു.