അങ്ങാടിപ്പുറം വലമ്പൂരിൽ വീടിനുസമീപം പുലി
text_fieldsഅങ്ങാടിപ്പുറം: വലമ്പൂർ പടിഞ്ഞാറ് ഭാഗത്ത് പുലർച്ചെ വീടിനുസമീപം പുലിയെ കണ്ടത് ഭീതി പരത്തി. ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകാൻ ഒരുങ്ങിയ വലമ്പൂർ സ്വദേശി മൊയ്തീൻ അലർച്ച രൂപത്തിൽ ശബ്ദംകേട്ട് ജനൽ വഴി ടോർച്ച് അടിച്ചുനോക്കിയപ്പോൾ വീടിനു തൊട്ടടുത്താണ് പുലിയെ കണ്ടത്. നടന്നുമുകൾ ഭാഗത്തേക്ക് നീങ്ങി. പിന്നീട് വീടിന്റെ ടെറസിന് മുകളിൽ കയറി ടോർച്ച് തെളിയിച്ചു നോക്കിയപ്പോൾ കുറച്ചുകൂടി വ്യക്തമായി കണ്ടതായി മൊയ്തീൻ പറഞ്ഞു.
അടുത്തടുത്ത് വീടുകളുള്ള ഭാഗമാണ് വലമ്പൂർ. പുലിയെ കണ്ടത് പ്രദേശത്ത് ആശങ്ക പരത്തി. ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ വേണ്ട പരിശോധന വനപാലകർ നടത്തണം.
വലമ്പൂർ മേഖലയോട് ചേർന്ന് അങ്ങാടിപ്പുറം പഞ്ചായത്തിൽ, പരിയാപുരം, സമീപം മണ്ണാർമല എന്നിവിടങ്ങളിൽ പുലിയെ കണ്ടിരുന്നു. ഇവിടങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. എന്നാൽ പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയോട് ചേർന്നുകിടക്കുന്ന ഭാഗമാണ് വലമ്പൂർ. പുലർച്ചെ ടാപ്പിങ് തൊഴിലാളികളും മദ്റസ വിദ്യാർഥികളും നടന്നുപോകുന്ന ഭാഗമാണ്.
വനം വകുപ്പിന് നിവേദനം നൽകി
അങ്ങാടിപ്പുറം: പുലിയെ കണ്ട പ്രദേശത്തെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഭാരവാഹികൾ വനം വകുപ്പിന് നിവേദനം നൽകി. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അതിരാവിലെ റബർ ടാപ്പിങ് തൊഴിലാളികളും മദ്റസയിലേക്ക് പോകുന്നവരും മറ്റും വളരെയധികം ഭീതിയോടെയാണ് കഴിയുന്നത്. കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങൾ വെട്ടിത്തെളിക്കാൻ ഭൂഉടമകൾക്ക് പഞ്ചായത്ത് നിർദേശം നൽകണമെന്നും ഭാരവാഹികളായ സൈതാലി വലമ്പൂർ, സെക്രട്ടറി ശിഹാബ്, കെ.ടി. മൊയ്തീൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.