ഓരാടംപാലം-വൈലോങ്ങര ബൈപാസ്; ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി
text_fieldsഅങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപാസിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഡീറ്റൈല്‍ഡ് വാല്വേഷന് റിപ്പോര്‍ട്ടിന് ജില്ല കലക്ടര്‍ അംഗീകാരം നല്കി. സ്ഥലമുടമകള്‍ക്ക് നല്‍കുന്നതിനുള്ള നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ ആര്.ബി.ഡി.സി.കെക്ക് കത്ത് നല്കി.
നാലു കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കിവെച്ചത്. സ്ഥലമുടമകള്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കും. അങ്ങാടിപ്പുറം ടൗണിൽനിന്ന് വളാഞ്ചേരി റോഡിൽ വൈലോങ്ങര ജങ്ഷനിൽനിന്ന് കൃഷിയിടങ്ങളിലൂടെ കടന്നുപോയി ദേശീയപാത 966 ൽ ഓരാടംപാലത്തിന് സമീപം അവസാനിക്കുന്നതാണ് രണ്ടുവരി പാത ബൈപാസ്. ഭാവിയിൽ വിപുലപ്പെടുത്താൻ കണ്ട് ഭൂമി ഏറ്റെടുക്കുന്നുണ്ട്.
780 മീറ്റർ നീളവും 14 മീറ്റർ വീതിയുമാണ് റോഡിന് ഉണ്ടാവുക. ഇതിൽ ഒന്നര മീറ്റർ പേവ്ഡ് ഷോൾഡർ ഉൾപ്പെടുന്ന ഏഴു മീറ്ററുള്ള ക്യാരേജ് വേയും ഇരുവശവും 1.8 മീറ്റർ വീതിയിൽ അഴുക്കുചാലുമുണ്ടാവും. ഭൂമി ഏറ്റെടുക്കൽ ഫാസ്റ്റ്ട്രാക്ക് രീതിയിൽ പൂർത്തിയാക്കും. മരങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയ നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് പരമാവധി ന്യായവില ഉറപ്പാക്കിയാവും ഭൂമി ഏറ്റെടുക്കുക. 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും സാധ്യത ഉറപ്പാക്കും.
മലപ്പുറം കിഫ്ബി ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കാണ് ഭൂമിയേറ്റെടുക്കൽ നടപടികളുടെ ചുമതല. പദ്ധതി മൂലം അവശേഷിക്കുന്ന ഭൂമിയിലേക്കുള്ള പ്രവേശന മാർഗങ്ങളുടെ നഷ്ടം പ്രവേശന മാർങ്ങളുടെ പുനഃസ്ഥാപനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിലും പരിസരങ്ങളിലും തുടരുന്ന രൂക്ഷമാണെന്നിരിക്കെ അതിനു പരിഹാരമായി കൂടിയാണ് പദ്ധതി. ഭൂമി ഏറ്റെടുക്കുന്ന ബൈപാസ് അല്ലാതെ സ്വീകാര്യമായ ബദൽ നിർദേശങ്ങളൊന്നും ഇല്ലെന്നും സാമൂഹികാഘാത പഠനത്തിലുണ്ട്. നിർദ്ദിഷ്ട അലൈൻമെന്റ് അക്കാരണത്താൽ ഏറ്റവും കുറഞ്ഞ പ്രത്യാഘാതങ്ങൾക്കേ ഇടയാക്കൂ.
നേട്ടങ്ങൾ വലുതാണെന്നും വ്യക്തമാക്കുന്നു. നിലവിൽ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോവേണ്ട വാഹനങ്ങൾ തിരക്കുള്ള അങ്ങാടിപ്പുറം ടൗണിൽ പ്രവേശിച്ചാണ് കടന്നു പോവുന്നത്. ഓരാടംപാലം-വൈലോങ്ങര ബൈപാസ് വരുന്നതോടെ ഈ വാഹനങ്ങൾക്ക് ടൗണിൽ വരാതെ കടന്നുപോവാം.
റോഡിൽ കട്ട വിരിക്കൽ ഒന്നാംഘട്ടം പൂർത്തിയായി
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേല്‍പാലത്തിന് സമീപം പാടേ തകർന്ന ഭാഗം ഇന്റര്‍ലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തി ഒന്നാംഘട്ടം പൂർത്തിയായി. കട്ട വിരിച്ചതിന് സമീപം കോൺക്രീറ്റ് ചെയ്യുന്നത് പൂർത്തിയാകണം.
ഞായറാഴ്ച രാവിലെ 11 മുതൽ ചെറുവാഹനങ്ങൾക്കായി പാത ഭാഗികമായി തുറന്നു നൽകും. ജൂണ്‍ 29ന് ആരംഭിച്ച കട്ടവിരിക്കൽ ഒരാഴ്ച കൊണ്ടാണ് പൂര്‍ത്തിയാവുന്നത്. ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഒരാഴ്ച റോഡ് പൂര്‍ണമായും അടച്ചിടാൻ തീരുമാനിച്ചത്. അതിനുശേഷം ചെറുവാഹനങ്ങള്‍ക്ക് തുറന്ന് നല്‍കാനും തീരുമാനിച്ചിരുന്നു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് പദ്ധതിക്ക് ശ്രമിക്കുന്നതിനു പുറമെ ചെറുപാതകളുടെ വിപുലീകരണത്തിനും ശ്രമം തുടരുന്നുണ്ട്.
എം.എല്‍.എ ഫണ്ടില്‍നിന്ന് 55 ലക്ഷം രൂപയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ 65 ലക്ഷം രൂപയും വകയിരുത്തി അങ്ങാടിപ്പുറം ഓരാടംപാലത്തുനിന്ന് കോട്ടക്കല്‍, വളാഞ്ചേരി റോഡിലേക്കുള്ള വലിയവീട്ടിൽപ്പടി റോഡ് ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിനു സമീപം ഇന്റർലോക്ക് കട്ട വിരിക്കൽ പൂർത്തിയായപ്പോൾ
കൂടാതെ വലമ്പൂർ ഏഴുകണ്ണി പാലത്തിന് സമീപത്തായി നിര്‍മിക്കാനുദ്ദേശിക്കുന്ന അണ്ടര്‍പാസിന് എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബാക്കി തുക എം.പിമാരിൽനിന്ന് കണ്ടെത്താൻ ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ എല്ലാ നടപടികളും തുടരുമെന്നും എം.എല്‍.എ വ്യക്തമാക്കി.