പഴയ കോൺക്രീറ്റും പ്ലാസ്റ്റിക്കും ചേർത്താൽ ഇഷ്ടിക റെഡി
text_fieldsചേലക്കര ഗവ. പോളിടെക്നിക് വിദ്യാർഥികൾ പഴയ കോൺക്രീറ്റും പ്ലാസ്റ്റിക്കും ചേർത്തുണ്ടാക്കിയ ഇഷ്ടിക പരിചയപ്പെടുത്തുന്നു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിൽ നടന്ന സംസ്ഥാന പോളി ഫെസ്റ്റിൽ ചേലക്കര ഗവ. പോളി വിദ്യാർഥികളായ ശ്വേത, പ്രണവ്, സഞ്ജയ്, ശ്രീരാം, മുഹ്സിന എന്നിവരെത്തിയത് പഴയ കോൺക്രീറ്റും പ്ലാസ്റ്റിക്കും ചേർത്തുള്ള ഇഷ്ടികയുമായി.
പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ് വസ്തുക്കളും 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് മാലിന്യവും ചേർത്താണ് കെട്ടുറപ്പുള്ള ഇഷ്ടികയുണ്ടാക്കുന്നത്. ഇവർ പേറ്റന്റ് നേടിയ ഉൽപന്നമാണിത്. രണ്ടും നന്നായി ചൂടാക്കി 15 മിനിറ്റ് മതി കട്ട ചുട്ടെടുക്കാൻ.
ഏതുതരം പ്ലാസ്റ്റിക്കും ഉപയോഗിക്കാമെങ്കിലും റീസൈക്കിൾ ചെയ്യാൻപറ്റാത്ത, 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് നല്ലതെന്ന് വിദ്യാർഥികൾ പറഞ്ഞു.കോൺക്രീറ്റ് വേസ്റ്റും പ്ലാസ്റ്റിക്കും ചൂടാക്കിയ ശേഷം തണുത്താൽ സിമന്റിൽ ചുട്ടെടുത്തതിനേക്കാൾ ഉറപ്പാണ് കട്ടകൾക്ക്.
ചുട്ടെടുത്താൽ നനക്കേണ്ട. ഒരു മണിക്കൂറിനകം ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമാണത്തിന് ടാറിന്റെ കൂടെ ഉപയോഗിക്കാൻ നേരത്തെ സർക്കാർ പദ്ധതി ആവിഷ്കരിച്ചെങ്കിലും പ്രായോഗികമായി മുന്നോട്ടുപോകുന്നില്ല. ടൺ കണക്കിന് പ്ലാസ്റ്റിക് ഇതിനായി ശേഖരിച്ചത് കുന്നുകൂടിക്കിടക്കുകയാണ്.
കുഴിയെടുത്ത് യന്ത്രം വിത്തും വളവുമിടും
അങ്ങാടിപ്പുറം: ഇളക്കിയിട്ട മണ്ണിൽ ചെറിയ കുഴികളെടുക്കാനും വിത്തും വളവുമിട്ട് മൂടാനും പറ്റുന്ന ലളിതയന്ത്രം പരിചയപ്പെടുത്തി മാള ഹോളിഗ്രേസ് പോളിടെക്നിക് വിദ്യാർഥികൾ. നിശ്ചിത അകലത്തിൽ കുഴിയെടുത്ത് പോവും. യന്ത്രത്തിന്റെ അറയിൽ നിക്ഷേപിച്ച വിത്തുകൾ ഇതേ കുഴിയിൽ വീഴ്ത്താനും ആവശ്യമായ വളം ചേർത്ത ലായനി അതിൽ തൂവാനും മെഷീനിൽ മാർഗമുണ്ട്. നിയന്ത്രണം മൊബൈൽ ഫോണിലെ ആപ്പുമായി ബന്ധിപ്പിക്കാം. വലിയ അളവിൽ കൃഷിചെയ്യുന്ന കൃഷിയിടങ്ങളിൽ കുറഞ്ഞ നേരംകൊണ്ട് ജോലി തീർക്കാമെന്ന് പദ്ധതി പരിചയപ്പെടുത്തിയ വിദ്യാർഥികൾ പറയുന്നു.
മാലിന്യം വേഗത്തിൽ വേർതിരിക്കാം
അങ്ങാടിപ്പുറം: ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യവും പാഴ് വസ്തുക്കളും സംസ്കരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് മിക്കപ്പോഴും വേർതിരിക്കാനാണ്. മാലിന്യം വേർതിരിക്കാനുള്ള ലളിത വിദ്യയാണ് എടവണ്ണ ഓർഫനേജ് പോളിടെക്നിക് വിദ്യാർഥികൾ പരിചയപ്പെടുത്തിയത്. വൈദ്യുതിയിൽ ജർക്ക് ചെയ്യുന്ന മെഷീനിൽ പ്ലാറ്റ്ഫോമിലൂടെ നീങ്ങുന്ന മാലിന്യം ലോഹങ്ങൾ ആദ്യ ടാങ്കിലേക്കും നനഞ്ഞവ രണ്ടാം ടാങ്കിലേക്കും പ്ലാസ്റ്റിക് വസ്തുക്കൾ മൂന്നാമത്തേതിലേക്കും വീഴും. മാലിന്യത്തിന്റെ അളവനുസരിച്ച് മെഷീൻ പ്രവർത്തനം വിപുലപ്പെടുത്താമെന്നും വിദ്യാർഥികൾ പറഞ്ഞു.
നൂതന ആശയങ്ങളുമായി ‘ഹോപ് 25’ ഫെസ്റ്റ് സമാപിച്ചു
പെരിന്തൽമണ്ണ: സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽനിന്ന് വിരിഞ്ഞ പുത്തൻ സാങ്കേതിക ആശയങ്ങളുമായി അങ്ങാടിപ്പുറത്ത് ടെക് ഫെസ്റ്റ് സമാപിച്ചു. വിവിധ ട്രേഡുകളിൽനിന്ന് വിദ്യാർഥികൾ വിപുലപ്പെടുത്തിയ ആശയങ്ങളുടെ ലളിത ആവിഷ്കാരമാണ് മേളയിൽ നടന്നത്.
പോളി ടെക്നിക്കുകളിൽനിന്ന് 50ഓളം സംഘങ്ങളാണ് എത്തിയത്. വിദ്യാർഥികളുടെ പഠനമേഖലയിലെ സാങ്കേതിക മികവും കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചു. ഇലക്ട്രിക്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ ട്രേഡുകളിലെ വിദ്യാർഥികളാണ് പ്രോജക്ടുകൾ അവതരിപ്പിച്ചത്. ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടിയവർക്ക് കാഷ് അവാർഡ് നൽകി. പ്രോജക്ട് എക്സിബിഷനു പുറമെ വിവിധ തരം മത്സരങ്ങളും വർക്ക്ഷോപ്പുകളും നടന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ജോയൻറ് ഡയറക്ടർ ജെ.എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എസ്. സജീവ് അധ്യക്ഷത വഹിച്ചു. ഐ.ഒ.സി സംസ്ഥാന നോഡൽ ഓഫിസർ എം. പ്രദീപ് സംസാരിച്ചു.
തിരൂരങ്ങാടിക്ക് ഒന്നാം സ്ഥാനം
അങ്ങാടിപ്പുറം: ടെക് ഫെസ്റ്റിലെ പ്രോജക്ട് എക്സ്പോ മത്സരത്തിൽ തിരൂരങ്ങാടി എ.കെ.എൻ.എം പോളിടെക്നിക് പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.
പ്രോജക്ട് എക്സ്പോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരൂരങ്ങാടി എ.കെ.എൻ.എം പോളിടെക്നിക് പ്രോജക്ട് അവതരിപ്പിച്ച വിദ്യാർഥികൾക്ക് സമ്മാനം നൽകുന്നു
മജ്ലിസ് പോളിടെക്നിക് പുറമണ്ണൂർ, ഗവ. എൻജി. കോളജ് ബാർട്ടൻഹിൽ എന്നിവരുടെ പ്രോജക്ടുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. സി.പി. രാജഗോപാലൻ സമ്മാനദാനം നിർവഹിച്ചു.