മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് മോഷണം
text_fieldsഅങ്ങാടിപ്പുറം: ടൗണിൽ എം.സി സ്റ്റുഡിയോക്ക് സമീപമുള്ള ജനനന്മ മെഡിക്കൽ ഷോപ്പിൽ ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് പൂട്ട് പൊളിച്ചതായി കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് ഉടമ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മോഷ്ടാവ് കടയിൽ കയറുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. മേശ വലിപ്പിൽ സൂക്ഷിച്ച 5000 രൂപയും ഒരു മൊബൈൽ ഫോണും കളവ് പോയി. ദിവസങ്ങൾക്കു മുമ്പ് അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപമുള്ള കടയിലും മോഷണം നടന്നിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ മോഷ്ടാവ് തന്നെയാണ് മെഡിക്കൽ ഷോപ്പിലും കയറിയതെന്ന് ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ പറയുന്നു. ഗതാഗതക്കുരുക്കു മൂലം ഏറെ ദുരിതത്തിലാണ് അങ്ങാടിപ്പുറത്തെ വ്യാപാരികൾ. ഇതിനിടയിൽ മോഷണങ്ങൾ കൂടി ആയതോടെ പ്രതിസന്ധി കൂടി. പരാതികൾ നൽകുന്നുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.