എ.ഇക്കും മാറ്റം; അങ്ങാടിപ്പുറം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം വീണ്ടും പൂട്ടേണ്ട സ്ഥിതി
text_fieldsഅങ്ങാടിപ്പുറം പഞ്ചായത്തിലെ എൻജിനീയറിങ് ഓഫിസിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം വീണ്ടും പൂട്ടേണ്ട സ്ഥിതിയിൽ. നിലവിലെ അസിസ്റ്റന്റ് എൻജിനീയറെ സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റിയതോടെ എൻജിനീയറിങ് വിഭാഗത്തിൽ ആരുമില്ലാതായി.
ഓവർസിയർമാരുടെ തസ്തിക ഏറെക്കാലമായി ഒഴിഞ്ഞു കിടക്കുകയാണ്. മുൻ വർഷവും ഇത്തരത്തിൽ എൻജിനീയറിങ് വിഭാഗം ഒരാൾ പോലുമില്ലാതെ മാസങ്ങളളോളം അനാഥമായിരുന്നു.
സ്ഥലം മാറിപ്പോയ എ.ഇയും സമീപകാലത്താണ് തിരിച്ചെത്തിയത്. കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കൽ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകൽ, കെട്ടിട നികുതി കൃത്യപ്പെടുത്തൽ തുടങ്ങി നിരവധി സേവനങ്ങൾ ഈ ഓഫിസാണ് ചെയ്യേണ്ടത്. അതിലുപരി വാർഷിക പദ്ധതിയിൽ റോഡ്, കെട്ടിട നിർമാണങ്ങൾ, അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിർവഹണം തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടത് എ.ഇ ആണ്. അവയുടെ എസ്റ്റിമേറ്റ് തയാറക്കൽ, അംഗീകാരം വാങ്ങൽ നിർമാണം പരിശോധിച്ച് ബില്ലു തയാറാക്കൽ തുടങ്ങി ഒട്ടേറെ ചുമതലകൾ എൻജിനീയറിങ് വിഭാഗത്തിന് വരും. അവയെല്ലാം മുടങ്ങിക്കിടക്കുകയാണ്.
ഒരു എ.ഇയും രണ്ട് ഓവർസിയറും ആണ് ഓഫിസിൽ വേണ്ടത്. സമീപ പഞ്ചായത്തുകളിലെ രണ്ട് ഓവർസിയർമാർക്കായി എൻജിനീയറിങ് വിഭാഗം ചുമതല നൽകിയിട്ടുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസത്തെ ചുമതലയാണ് അവർ വഹിക്കുകയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.