അങ്ങാടിപ്പുറത്തെ മാലിന്യക്കൂമ്പാരം: ഉത്തരവാദി സർക്കാറും ക്ലീൻ കേരള കമ്പനിയുമെന്ന്
text_fieldsഅങ്ങാടിപ്പുറത്ത് സംഭരണ കേന്ദ്രത്തിൽ കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ ശേഖരിച്ച മാലിന്യനീക്കം സ്തംഭിച്ചതിന് ക്ലീൻ കേരള മിഷന്റെയും സർക്കാറിന്റെയും പിടിപ്പുകേടാണെന്ന് പഞ്ചായത്ത് ഭരണസമിതി. 10.50 രൂപ കി.ഗ്രാമിന് കണക്കാക്കി ക്ലീൻ കേരള മിഷനുമായി കരാർ ഒപ്പിട്ടതിനാൽ അവരാണ് അത് നീക്കം ചെയ്യേണ്ടത്. ചാക്കുകളിലാക്കി പ്ലാസ്റ്റിക്, ഖര വസ്തു മാലിന്യം വൻതോതിൽ നീക്കിയിരുന്ന കമ്പനി പഞ്ചായത്തിൽനിന്ന് മാലിന്യം നീക്കാത്തതിനാൽ 50 ലോഡിന് മുകളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് മഴനനഞ്ഞ് കുതിർന്നതിനാൽ ഭാരം ഇരട്ടിയിലേറെ വില ലഭിക്കാൻ ക്ലീൻ കേരള കമ്പനി തന്നെ ബോധപൂർവം നീക്കൽ മുടക്കുകയാണോ എന്ന് സംശയമുണ്ടെന്നും കുറ്റപ്പെടുത്തി. ഇവർക്കല്ലാതെ നൽകാൻ അനുമതിയില്ല. 20 സെന്റ് വാടകക്കെടുത്താണ് ശേഖരണം. മാലിന്യം ശേഖരിക്കുന്ന എം.സി.എഫിന് ഭൂമിയെടുക്കാൻ രണ്ട് വർഷമായി ശ്രമിക്കുന്നത് സർക്കാർ അനുകൂല സഘടനകളോട് ബന്ധമുള്ള ഉദ്യോഗസ്ഥർ തന്നെ തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ്. പഞ്ചായത്തിനെതിരെ സി.പി.എം നടത്തുന്ന പ്രചാരണം വ്യാജമാണ്. മാലിന്യം നീക്കാൻ നടപടിയെടുക്കാത്ത ക്ലീൻ കേരള കമ്പനിയും അവർക്കല്ലാതെ നൽകാൻ പാടില്ലെന്ന് വാശിപിടിക്കുന്ന സർക്കാറുമാണ് യഥാർഥ കാരണക്കാർ. മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും പരാതിയുണ്ട്. 10.50 രൂപക്ക് പഞ്ചായത്തിൽനിന്ന് വാങ്ങി സ്വകാര്യ ഏജൻസി പകുതി വിലക്കാണ് ക്ലീൻ കേരള കമ്പനി നൽകുന്നതെന്നും ഒന്നുമറിയാതെ ലാഭം ഈടാക്കുകയാണെന്നും കുറ്റപ്പെടുത്തി.
അങ്ങാടിപ്പുറത്ത് ഹരിതകർമ സേനയിൽ 40 പേരെങ്കിലും വേണ്ടിടത്ത് 20 പേരേ ഉള്ളൂ. ജോലിക്ക് അനുസരിച്ച് 15,000 രൂപ മുതൽ 18,000 വരെ പ്രതിമാസം ലഭിക്കുമെങ്കിലും പുതുതായി ചേരാൻ ആളില്ല. വന്നവർ ഒഴിഞ്ഞുപോവുകയുമാണ്. മാലിന്യം കൊണ്ടുപോവുന്ന റോഡ് തകർന്നതിനാൽ പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പുറത്തെത്തിക്കാനും സന്നദ്ധമാണ്. കടകളുടെ ലൈസൻസുകൾ പുതുക്കുമ്പോൾ മാലിന്യനീക്കത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി വ്യാപാരികളെ പീഡിപ്പിക്കുന്നതായി പഞ്ചായത്ത് പരാതിപ്പെടുന്നു. പ്രശനം പരിഹരിച്ചില്ലെങ്കിൽ ക്ലീൻ കേരള കമ്പനിക്കെതിരെ സമരത്തിനിറങ്ങും. വാർത്ത സമ്മേളനത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉമ്മർ അറക്കൽ, പഞ്ചായത്ത് ഉപാധ്യക്ഷ ഷബീർ കറുമുക്കിൽ, സയ്യിദ് അബൂ താഹിർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ, സുനിൽ ബാബു വാക്കാട്ടിൽ എന്നിവർ പങ്കെടുത്തു.