നിലമ്പൂരിൽ ഭരണവിരുദ്ധവികാരം പ്രതിഫലിച്ചു -സി.പി.ഐ
text_fieldsസി.പി.ഐ ജില്ല പ്രതിനിധി സമ്മേളനം പരപ്പനങ്ങാടിയിൽ ദേശീയ നിർവാഹക സമിതി അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിലേതിന് സമാനമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫിന് അനുകൂലമായി മുസ്ലിം വോട്ടുകൾ ഏകീകരിക്കപ്പെട്ടതായി സി.പി.ഐ ജില്ല സമ്മേളന പ്രവർത്തനറിപ്പോർട്ട്. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമാണ് യു.ഡി.എഫിന്റെ വിജയത്തിൽ പ്രധാന ഘടകമായത്. ഭാവിയിലും ഇത് എൽ.ഡി.എഫിന് ദോഷകരമാകാനിടയുണ്ട്.
ഇക്കാര്യത്തിൽ ജാഗ്രത വേണം. നിലമ്പൂരിൽ, സ്ഥാനാർഥിനിർണയത്തിലടക്കം എൽ.ഡി.എഫിന് പാളിച്ച സംഭവിച്ചതായി ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായി സി.പി.എം നിശ്ചയിച്ചിരുന്നത് എം. സ്വരാജിനെയായിരുന്നു. അതേ വ്യക്തിയെതന്നെ സ്ഥാനാർഥിയാക്കിയത്, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയാകെ ബാധിച്ചു.
നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്നത് നിഷേധിക്കാനാവില്ല. എൽ.ഡി.എഫ് സർക്കാറിന് മികവുകളേറെ പറയാനുണ്ടെങ്കിലും എന്തുകൊണ്ട് ജനം എതിരാകുന്നെന്ന് പരിശോധിക്കപ്പെടണം. സ്വതന്ത്രനായി മത്സരിച്ച, പി.വി. അൻവറിനെ വിലയിരുത്തുന്നതിൽ എൽ.ഡി.എഫിന് വീഴ്ച സംഭവിച്ചു. അൻവർ ഫാക്ടർ ആവില്ലെന്ന നിലയിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ, അൻവർ പിടിച്ച 20,000ത്തോളം വോട്ടുകളിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫിന് ലഭിക്കേണ്ടതായിരുന്നു. കൂട്ടായ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചയാണ് തോൽവിയിലേക്ക് നയിച്ചത്. അത് ഏതെങ്കിലും പാർട്ടിയുടെ മാത്രം വീഴ്ചയല്ലെന്നും എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും സി.പി.ഐ ജില്ല കമ്മിറ്റി പ്രവർത്തനറിപ്പോർട്ടിൽ പറയുന്നു.