അരീക്കോട് താലൂക്ക് ആശുപത്രി: സായാഹ്ന ഒ.പിയിൽ ചികിത്സ വൈകുന്നു
text_fieldsമുന്നൂറിൽ കൂടുതൽ രോഗികളെ ഒരു ഡോക്ടർ പരിശോധിക്കുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. രാവിലെ എത്തുന്ന ഡോക്ടർമാരിൽനിന്ന് രോഗികളുടെ എണ്ണത്തിനനുസരിച്ച് സായാഹ്ന ഒ.പിയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അരീക്കോട്: താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിച്ചതോടെ സായാഹ്ന ഒ.പിയിൽ എത്തുന്ന രോഗികൾ ചികിത്സ ലഭിക്കാതെ വലയുന്നു.
ജൂൺ 11നാണ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിച്ചത്. ഇതോടെ ആശുപത്രിയിൽ 24 മണിക്കൂർ ഒരു ഡോക്ടറുടെ സേവനം ലഭ്യമായി. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിട്ടില്ല.
ഇത് അത്യാഹിത വിഭാഗം എന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെ കാത്തിരുന്നിരുന്ന സാധാരണക്കാരായ രോഗികൾക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. നേരത്തേ രാവിലെ എട്ടുമുതൽ ഒരുമണിയും രണ്ടുമണി മുതൽ ആറുവരെ സായാഹ്ന ഒ.പി പ്രവർത്തിച്ചിരുന്നത്. എന്നാൽ, ‘തട്ടിക്കൂട്ട്’ അത്യാഹിത വിഭാഗം ആരംഭിച്ചതോടെ സായാഹ്ന ഒ.പിയുടെ പ്രവർത്തനം എട്ടുമണിയാക്കി ഉയർത്തി. ഇതോടെ ഈ സമയം എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചത് ഒഴിച്ചാൽ നേരത്തേ പോലെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്.
ഇത് പ്രതിദിനം ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സംഭവത്തിൽ നേരത്തേ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തിന് കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
രാവിലെ എട്ടുമുതൽ ഒരു മണിവരെയുള്ള ഒ.പിയിൽ എട്ടു മുതൽ 10 വരെയുള്ള ഡോക്ടർമാരുടെ സേവനമുണ്ട്. ഇവരിൽ ഒന്നോ രണ്ടോ പേരെ വൈകുന്നേരത്തേക്ക് മാറ്റിയാൽ ആശ്വാസമാകും എന്നാണ് രോഗികളും നാട്ടുകാരും പറയുന്നത്.
സായാഹ്ന ഒ.പി രാത്രി എട്ടുമണിവരെ പ്രവർത്തിക്കുന്നെങ്കിലും ഫാർമസി ആറുമണിക്ക് അടക്കും. അതിനുമുമ്പ് തന്നെ ലാബും അടക്കും. ഇതിനുശേഷം എത്തുന്ന സാധാരണക്കാരായ രോഗികൾ ഡോക്ടർ എഴുതുന്ന മരുന്ന് സ്വകാര്യ ഫാർമസികളിൽനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇതും സാധാരണക്കാരായ രോഗികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
ഒരുനിലയിലും സ്വകാര്യസ്ഥാപനങ്ങളിൽ പോകാൻ കഴിയാത്ത രോഗികളാണ് പ്രധാനമായും അരീക്കോട് താലൂക്ക് ആശുപത്രിയിലെ ഈവനിങ് ഒ.പിയിൽ എത്തുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ അധികൃതർ ചെയ്തു നൽകാത്തത് വലിയ ക്രൂരതയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, നിലവിൽ ആശുപത്രി 24 മണിക്കൂർ സർവിസ് ആരംഭിച്ചത് നാട്ടുകാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
വൈകാതെ തന്നെ ഈവനിങ് ഒ.പിയിൽ ഡോക്ടർമാരുടെ എണ്ണം വർധിപ്പിച്ച് ഒ.പിയിലെ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ഫാർമസി ലാബ് ഉൾപ്പെടെ സൗകര്യങ്ങൾ അത്യാഹിത വിഭാഗത്തിന്റെ ഭാഗമായി ഉടൻ തന്നെ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.