കാത്തിരിപ്പുകൾക്ക് വിരാമം; മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു
text_fieldsപ്രളയത്തിൽ തകർന്ന പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുന്നു
അരീക്കോട്: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ പ്രളയത്തിൽ തകർന്ന പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 2009 നവംബർ നാലിന് തോണി ദുരന്തത്തിൽ മൂർക്കനാട് സുബ്ബുലുസ്സലാം ഹയർസെക്കൻഡറി സ്കൂളിലെ എട്ട് വിദ്യാർഥികളുടെ ജീവനാണ് പൊലിഞ്ഞിത്.
പിന്നീട് അന്നത്തെ സർക്കാർ അവരുടെ ഓർമകൾക്ക് മുമ്പിലാണ് മൂർക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം നിർമിച്ചത്. തുടർന്ന് നാട്ടുകാർ ഏറെ ഉപകാരപ്രദമായി ഉപയോഗിച്ചിരുന്ന നടപ്പാലം 2018, 19 വർഷങ്ങളിൽ ചാലിയാറിലുണ്ടായ മഹാപ്രളയത്തിലാണ് ഒലിച്ചുപോയത്. തുടർന്ന് നിരവധി തവണ അധികൃതരോട് പാലം പുനർനിർമിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിരന്തരം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
വിവിധ കാരണങ്ങളുടെ പേരിൽ പാലത്തിന്റെ നിർമാണം നീണ്ടു. സംഭവത്തിൽ നിരവധി തവണ ‘മാധ്യമ’വും വാർത്ത നൽകി. ഇതിനുപിന്നെലെയാണ് പാലം പൊളിഞ്ഞ് ആറു വർഷങ്ങൾക്ക് ശേഷമാണ് പുതിയൊരു പാലത്തിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കമായത്.
പാലം പുനർനിർമിക്കുന്ന ആവശ്യം ശക്തമായതോടെ 2019, 20 ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ആ സമയം പാലം നിർമാണം നടന്നില്ല. പിന്നീട് 75 ലക്ഷം രൂപ കൂടി കൂടുതൽ വെച്ചാണ് പാലത്തിന്റെ നിർമാണത്തിന് പുതിയ അനുമതി ലഭിച്ചത്. നിലവിലുള്ള പാലത്തിന് സമാനമായ രീതിയിലുള്ള മറ്റൊരു പാലമാണ് നിർമിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും നിർമാണ കമ്പനിയോ അധികൃതരോ അറിയിച്ചിട്ടില്ല. അതേസമയം നീണ്ട ഇടവേളക്കുശേഷം മൂർക്കനാട് സ്കൂൾ കടവ് പാലം പുനർനിർമാണം ആരംഭിച്ചത് നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമാണ്.
നിർമാണം വേഗത്തിൽ പൂർത്തിയായാൽ അരീക്കോട് കച്ചവടരംഗത്ത് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യാപാരി വ്യവസായി അരീക്കോട് ഭാരവാഹികളായ ജോളിൽ സജീർ, അൽമോയ റസാഖ് എന്നിവർ പറഞ്ഞു. എന്നാൽ പാലം തകർന്നത് മുതൽ ഈ പാലത്തെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിച്ചത്. അതുകൊണ്ട് തന്നെ പുതിയ പാലത്തിന്റെ നിർമാണം പ്രവർത്തി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം എന്ന് പ്രദേശവാസികളും ആവശ്യപ്പെട്ടു. എന്നാൽ നിലവിലുള്ള പാലത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റി ഇനിയും പുതിയപാലത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.