വയനാട് എന്നും പ്രിയ നാട് -രാഹുൽ ഗാന്ധി
text_fieldsയു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് അരീക്കോട്ടെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ രാഹുൽ ഗാന്ധിയുടെ കാറിന് സമീപത്തേക്ക് കനത്ത മഴ വകവെക്കാതെ ഓടിക്കൂടിയ പ്രവർത്തകർ
അരീക്കോട്: വയനാട് എന്നും പ്രിയ നാടാണെന്നും വയനാട്ടുകാരുടെ സ്നേഹം അത്ഭുതപ്പെടുത്തുന്നതാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ എതിരാളികളുടെ വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നപ്പോഴെല്ലാം പാറപോലെ തന്റെ കൂടെ ഉറച്ചുനിന്നവരാണ് വയനാട്ടുകാരെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അരീക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല കാലാവസ്ഥയിൽ വൈകിയെത്തിയ രാഹുൽ, കനത്ത മഴയിലും തന്നെ കാത്തിരുന്നവരോട് ക്ഷമയും നന്ദിയും പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വയനാട്ടുകാരുമായുള്ള സ്നേഹബന്ധത്തെക്കുറിച്ച് ആഴത്തിൽ സംസാരിച്ച അദ്ദേഹം രാഷ്ട്രീയം നോക്കാതെ മണ്ഡലത്തിനായി പ്രവർത്തിച്ച തന്റെ കൂടെ എൽ.ഡി.എഫുകാർപോലും നിന്നിട്ടുണ്ടെന്നും പറഞ്ഞു.
എല്ലാ ഇന്ത്യക്കാർക്കും ജാതി-മത-സംസ്കാര ഭേദമന്യേ സുരക്ഷ ഉറപ്പാക്കുന്ന ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. മതത്തിന്റെയും ഭാഷയുടെയും സംസ്ഥാനത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മാനവികതയുടെ അടിസ്ഥാനത്തിൽ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി മെഡിക്കൽ കോളജ് സ്ഥാപിക്കും
വയനാട്ടിൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജ് താനും പ്രിയങ്കയും ചേർന്ന് വ്യക്തിപരമായി കെട്ടിപ്പടുക്കുമെന്ന് രാഹുൽ ഗാന്ധി. പ്രസംഗത്തിൽ തന്റെ മണ്ഡലമായ വയനാട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെല്ലാം രാഹുൽ എണ്ണിപ്പറഞ്ഞു. മെഡിക്കൽ കോളജിന്റെ ആവശ്യകതയും രാത്രികാല ഗതാഗതപ്രശ്നവും വന്യജീവി ആക്രമണവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു.
മെഡിക്കൽ കോളജിനായി സംസ്ഥാന സർക്കാറിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ അത് നടപ്പാക്കാനായില്ല. രാജ്യത്തെ മികച്ച മെഡിക്കൽ കോളജ് വയനാട്ടിലുണ്ടാക്കുമെന്നത് വ്യക്തിപരമായ വിഷയമായി കാണുന്നുവെന്നും സദസ്സിലുള്ളവർക്ക് രാഹുൽ വാക്കുനൽകി.
‘പ്രിയങ്ക കാര്യബോധവും കരുതലുമുള്ളവൾ’
തന്റെ സഹോദരിയും സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധി കാര്യബോധവും കരുതലുമുള്ളവളാണെന്നും ഏതൊരു പ്രതിസന്ധിഘട്ടത്തിലും കൂടെയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. തന്റെ വികസനപ്രവർത്തനങ്ങളൊക്കെ അവർ തുടരും. പ്രിയങ്ക എം.പിയാകുന്നതോടെ രണ്ട് ‘എം.പിമാരുള്ള’ രാജ്യത്തെ ഏക ലോക്സഭ മണ്ഡലമായി വയനാട് മാറുമെന്നും രാഹുൽ പറഞ്ഞു. നിങ്ങളുടെ പുതിയ എം.പിയും പഴയ എം.പിയും നിങ്ങൾക്ക് വേണ്ടത് ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.