വന്യമൃഗ ശല്യം; വരുന്നൂ...വൈദ്യുത വേലി
text_fieldsവനത്തിൽ വേലി സ്ഥാപിക്കാൻ സർവേ നടത്തുന്ന വനപാലകരും ഉദ്യോഗസ്ഥരും
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വന മേഖലയിൽ തൂക്കു വേലി സ്ഥാപിക്കാനുള്ള പ്രാഥമിക സർവേ നടപടികൾ ആരംഭിച്ചു. കൂരങ്കല്ലിൽ വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടാന വീണത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെ വെള്ളിയാഴ്ച മലപ്പുറത്ത് സബ് കലക്ടർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മേഖലയിൽ ഉടനടി വൈദ്യുതി തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടി എടുത്തത്.
ഇതിനായി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ നിലവിൽ ഫെൻസിങ്ങുള്ള ഓടക്കയം വാർഡിലെ നെല്ലിയായി മാങ്കുളം മുതൽ വെറ്റിലപ്പാറ പന്നിയാമല വരെയുള്ള 10 കിലോമീറ്റർ ദൂരപരിധിയിലാണ് വെള്ളിയാഴ്ച സർവേ പൂർത്തിയാക്കിയത്.
നിലവിൽ മേഖലയിൽ ഫെൻസിങ് ഇല്ലാത്തതുമൂലം വലിയ രീതിയിലുള്ള ദുരിതമാണ് പ്രദേശവാസികളും കർഷകരും അനുഭവിക്കുന്നത്. കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു.
അതുകൊണ്ടുതന്നെ വനത്തോട് ചേർന്നുള്ള കൃഷിയിടത്തിൽ ഫെൻസിങ് സ്ഥാപിക്കാനാണ് തീരുമാനമായത്. കൂടുതൽ വനത്തിലേക്ക് കയറ്റി വെച്ചാൽ അറ്റകുറ്റപ്പണികൾ പിന്നീട് ബുദ്ധിമുട്ടാകും. ഇതിനായി ഏകദേശം ഒരു കോടിയിലേറെ രൂപ മാറ്റിവെച്ചിട്ടുണ്ട്. ഉടൻ ടെൻഡറിലേക്ക് കടക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേസമയം, പരമാവധി വേഗം ഫെൻസിങ്ങിന്റെ തുടർ നടപടികൾ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൊടുമ്പുഴ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ബിജു, വാർഡ് അംഗം പി.എസ്. ജിനേഷ്, വാച്ചർ സുരേന്ദ്രൻ, മാത്യു കള്ളിക്കാട്, സജി കണിയാംകുഴി, ഷൈജു വെറ്റിലപ്പാറ ബിജേഷ് വെറ്റിലപ്പാറ, ഉസ്മാൻ വെറ്റിലപ്പാറ തുടങ്ങിയവർ സർവെയിൽ പങ്കെടുത്തു.