ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജനം; യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ സ്വപ്നം
text_fieldsഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിക്കുന്നു
പൊന്നാനി: മലപ്പുറം-തൃശൂര്‍ ജില്ലകളുടെ കോള്‍മേഖലയെ സമ്പുഷ്ടിപ്പെടുത്തുന്ന സുപ്രധാന പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി. കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് പദ്ധതി വഴി പരിഹാരമാകുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കാര്‍ഷിക മേഖലക്ക് അഭൂതപൂര്‍വ ഉണര്‍വാണ് കൈവരിക.
ജില്ലയിലെ പൊന്നാനി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ എടപ്പാള്‍, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, വെളിയങ്കോട്, ആലംകോട് കൂടാതെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭ, പോര്‍ക്കുളം, കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ വരെ ഉള്‍പ്പെടുന്ന 3500 ഹെക്ടറില്‍ അധികം വരുന്ന പാടശേഖരത്തില്‍ ബിയ്യം കായലിലും മറ്റ് അനുബന്ധ തോടുകളിലും സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തിയാണ് നെല്‍കൃഷി നടക്കുന്നത്.
കൂടുതലും പുഞ്ചകൃഷിയാണ്. നിലവില്‍ നാമമാത്രമായ കൃഷി മാത്രമാണ് ചെയ്തുവരുന്നത്. അതിന് കാരണം തന്നെ മഴയുടെ ലഭ്യത കുറവാണ്. പുഞ്ച കൃഷിക്ക് ആവശ്യമായ വെള്ളം ശേഖരിക്കേണ്ട സമയത്ത് അത് കിട്ടാതെ വരുമ്പോള്‍ മുണ്ടകന്‍ കൃഷിയെ കൂടി അത് സാരമായി ബാധിക്കുന്നു. ഇത് കുടിവെള്ള ലഭ്യതയെയും കോള്‍പ്പാടങ്ങളിലെ ഇടവേള കൃഷിയെയും ഇരുട്ടിലാക്കാറുണ്ട്. ഇതിനെല്ലാം പരിഹാരം വേണം എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.
പരിഹാരത്തിനായി പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ ആയിരിക്കെയാണ് വിശദ പഠനം നടത്തിയിരുന്നത്. ഭൂഗുരുത്വ ബലത്തെ മാത്രം ആശ്രയിച്ച് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ യഥാര്‍ഥ സംഭരണശേഷി നിലനിര്‍ത്തി ഭാരതപ്പുഴയില്‍ നിന്നും ബിയ്യം കായലിലേക്ക് കനാല്‍ നിർമിക്കുന്ന പദ്ധതി ഡിസൈന്‍ ചെയ്തു.
പദ്ധതി നടപ്പായാല്‍ കാര്‍ഷിക-ജലസേചന മേഖലയില്‍ വലിയൊരു മാറ്റമാണ് സംഭവിക്കുക. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പത്തോളം പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ജലക്ഷാമം കുറക്കാന്‍ സാധിക്കും. ബിയ്യം കായലിലെ ആയക്കെട്ട് വിസ്തീര്‍ണ്ണം വര്‍ധിക്കുകയും പുഞ്ച കൃഷി വ്യാപകമാക്കുവാനും സാധിക്കും. ഏപ്രില്‍,മെയ് മാസങ്ങളില്‍ കായലിലും അനുബന്ധ തോടുകളിലും വെള്ളം സംഭരിച്ചു കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും സാധിക്കും.


