ബി.ജെ.പിക്ക് മലപ്പുറം ജില്ലയിൽ വോട്ട് ചോർച്ച
text_fieldsമലപ്പുറം: ജില്ലയിൽ ബി.ജെ.പിക്ക് വോട്ടുവിഹിതത്തിൽ കുറവ്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 10,812 വോട്ടുകളാണ് കുറഞ്ഞത്. 2016 ലെ തെരഞ്ഞെടുപ്പിലും 2017ലെ വേങ്ങര ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ലഭിച്ചത് 1,57,500 വോട്ടാണ്. എന്നാൽ, ഇത്തവണ അത് 1,46,688 വോട്ടായി കുറഞ്ഞു. കൊണ്ടോട്ടി, നിലമ്പൂർ, വണ്ടൂർ, മലപ്പുറം, വള്ളിക്കുന്ന്, താനൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് വോട്ടുവിഹിതം കുറഞ്ഞത്.
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിക്ക് കുറഞ്ഞ വോട്ടാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണ ലോക്സഭയിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പി. ഉണ്ണികൃഷ്ണൻ 82,332 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ എ.പി. അബ്ദുല്ലക്കുട്ടി 68,935 വോട്ടുകൾ മാത്രമാണ് നേടിയത്. ജില്ലയിൽ പൊന്നാനി, തവനൂർ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്.
ഈ രണ്ടിടത്തും ബി.ജെ.പി വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. തവനൂരിൽ കഴിഞ്ഞ തവണ 15,801 വോട്ടായിരുന്നു കിട്ടിയിരുന്നത്. ഇത്തവണ അത് 9914 ആയി കുറഞ്ഞു. പൊന്നാനിയിൽ 2016ൽ 11,662 വോട്ട് കിട്ടിയത് 7419 ആയി കുറഞ്ഞു. ജില്ലയിൽ എൻ.ഡി.എക്ക് എവിടെയും കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചില്ല. വള്ളിക്കുന്ന് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്, 19,853.