ഞങ്ങളും ട്രാക്കിലുണ്ട്...‘ബഡ്സ് ഒളിമ്പിയ’ കായികമേളക്ക് ആവേശത്തുടക്കം
text_fieldsസബ്ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ഓട്ടത്തിൽ
സ്റ്റാർട്ടിങ് പോയന്റിൽ പിണങ്ങിനിന്ന ആലപ്പുഴ ജില്ലയിലെ
ദേവ സൂര്യയെ ആശ്വസിപ്പിക്കുന്ന അധ്യാപികയും
സംഘാടകരും. കുറച്ചുസമയത്തിനുശേഷം പിണക്കം
മാറി മത്സരിച്ച് ഫിനിഷ് ചെയ്യുന്നു
തേഞ്ഞിപ്പലം: നിറഞ്ഞ കൈയടികൾക്കിടയിൽ കാലിക്കറ്റ് സിന്തറ്റിക് ട്രാക്കിൽ കുതിച്ചും കിതച്ചും പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു കേരളത്തിന്റെ സ്വന്തം ‘ബഡ്സ്’ കുട്ടികൾ. പരിമിതികളെ മറികടന്ന് എങ്ങനെ മുന്നേറണമെന്നത് അവരുടെ ഓരോ പ്രകടനങ്ങളും കാണിച്ചുതന്നു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്സ്-ബി.ആർ.സി വിദ്യാർഥികൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ആദ്യമായി സംഘടിപ്പിച്ച ‘ബഡ്സ് ഒളിമ്പിയ’ കായികമേളയാണ് മത്സര പങ്കാളിത്തത്താലും പ്രകടനത്താലും ആവേശം തീർത്തത്. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കമായ മേളയുടെ ആദ്യദിനം അവസാനിച്ചപ്പോൾ 13 പോയൻറ് നേടി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 11 പോയേൻറാടെ പത്തനംതിട്ട രണ്ടാം സ്ഥാനത്തും 10 പോയൻറ് നേടിയ വയനാട് മൂന്നാം സ്ഥാനത്തുമാണ്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലാണ് മത്സരം. സ്റ്റാൻഡിങ് ബ്രോഡ് ജംപ്, 50 മീറ്റർ ഓട്ടം,100 മീറ്റർ ഓട്ടം,100 മീറ്റർ നടത്തം, ഷോട്ട് പുട്ട്, ലോങ് ജംപ്, വീൽ ചെയർ റേസ്, ബവൾ ത്രോ ടു ഗോൾ പോസ്റ്റ് തുടങ്ങിയ ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികളാണ് ട്രാക്കിലും ഫീൽഡിലുമായി രംഗത്തിറങ്ങുന്നത്.
ആദ്യ ഇനമായ മാർച്ച് പാസ്റ്റിൽ 14 ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ തനത് കലാരൂപങ്ങളണിഞ്ഞ് വാദ്യോപകരണങ്ങൾ വായിച്ചാണ് പങ്കെടുത്തത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു. എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കെ. റഷീദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ ലിബിനി, എം. പ്രഭാകരൻ, അരുൺ, രാജൻ, ജിഷ്ണു ഗോപാലൻ, മലപ്പുറം ജില്ല മിഷൻ കോഓഡിനേറ്റർ സുരേഷ് കുമാർ, കേരള ഗ്രാമീൺ ബാങ്ക് മലപ്പുറം റീജനൽ മാനേജർ ജയറാം, ജില്ല പ്രോഗ്രാം മാനേജർ കെ.എസ് ഹസ്ക്കർ തുടങ്ങിയവർ കുട്ടികളുടെ മാർച്ചിൽ സല്യൂട്ട് ഏറ്റുവാങ്ങി.