ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം
text_fieldsപൊന്നാനി ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്
കാന ശുചീകരിക്കുന്നു
ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരംപൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. കഴിഞ്ഞദിവസം പെയ്ത മഴയിൽ ചമ്രവട്ടം പരിസരം മുഴുവനായും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അധികൃതർ രംഗത്തെത്തിയത്. ചമ്രവട്ടം ജങ്ഷനിൽ ദേശീയപാതയിൽ പാലക്കൽ ഓഡിറ്റോറിയത്തിന് സമീപത്തെ കാനയിലെ മണ്ണ് മാറ്റി ആഴം വർധിപ്പിച്ചും മാലിന്യം നീക്കം ചെയ്തുമാണ് താൽക്കാലിക പരിഹാരമൊരുക്കിയത്.
വെള്ളം ഒഴുകിപ്പോകാതായതോടെ പ്രദേശത്ത് കഴിഞ്ഞദിവസം ജലനിരപ്പ് ഉയർന്നിരുന്നു. പലവീടുകളിലും വെള്ളം കയറിയിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി ദേശീയപാതയുടെ കാന നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയ ദുരിതത്തിനാണ് താൽക്കാലിക പരിഹാരമൊരുക്കിയത്.
നീലംതോടിൽ നിന്ന് ചമ്രവട്ടം ജങ്ഷനിൽ പുതുതായി നിർമിക്കുന്ന കൾവർട്ടിലേക്ക് പുതിയ ഡ്രൈനേജ് നിർമിച്ച് വെള്ളം ഒഴുക്കാനുള്ള മാർഗമൊരുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കാതിരുന്നതോടെയാണ് വെള്ളക്കെട്ടിലായത്. കഴിഞ്ഞദിവസം പ്രതിഷേധം ശക്തമായതോടെയാണ് അധികൃതർ രംഗത്തെത്തിയത്.