അപകടക്കെണിയൊരുക്കി സംസ്ഥാന പാതയോരം
text_fieldsസംസ്ഥാന പാതയിൽ അപകടം ഭീഷണി ഉയർത്തുന്ന പൊളിച്ച റോഡ്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ റോഡിനിരുഭാഗവും അപകടം വിതക്കുന്ന കുഴികൾ യാത്രക്കാർക്ക് ഭിഷണിയാകുന്നു. റോഡിന്റെ ഇരുഭാഗത്തും ചെറുതും വലുതുമായ കുഴികളും മൺകൂനകളും പൊളിച്ചു കിടക്കുന്ന റോഡും ഗർത്തങ്ങളുമാണ് അപകടഭീഷണിയാകുന്നത്. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ മുതൽ മേലെ മാന്തടം വരെ ഭാഗങ്ങളിലാണ് കുഴികളുള്ളത്. സ്വകാര്യ ടെലിഫോൺ കമ്പനി കേബിൾ സ്ഥാപിക്കാൻ കുഴിച്ചതാണ് കൃത്യമായി മൂടാതെ കിടക്കുന്നത്.
ഇരുചക്രവാഹനങ്ങൾ ഇതിൽ കുടുങ്ങുന്നത് പതിവാണ്. പാതയുടെ ഇരുഭാഗത്തും പൊളിച്ചശേഷം ടാറിങ് നടത്താതെ കിടക്കുന്ന മെറ്റലുകളും മുഴുവൻ ഗ്രാമീണ റോഡുകളെയും സംസ്ഥാന പാതയുമായി ബന്ധിക്കുന്ന ഭാഗങ്ങളിലെ വലിയ കുഴികളും ഭീഷണിയാകുന്നു. റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ച ശേഷം ടാറിങ് നടത്താത്ത ഭാഗങ്ങളിൽ കൂട്ടിയിട്ട മെറ്റലുകളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടം പതിവായിട്ടുണ്ട്. ഇത്തരത്തിൽ മെറ്റൽ ഉയർന്നുകിടക്കുന്ന എടപ്പാൾ അങ്ങാടിയിൽ തൃശൂർ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നു ബൈക്കുകൾ അപകടത്തിൽപെട്ടിരുന്നു. ജലജീവൻ പദ്ധതിക്കായി പൊളിച്ച ടാറിങ് നടത്താത്ത ഭാഗങ്ങളിൽ ഉടൻ ടാറിങ് നടത്തണമെന്ന ആവശ്യം ഉയരുകയാണ്.