ഹൃദ്യം, മനോഹരം; കാലം മറന്ന കാർഷിക കാഴ്ചകൾ
text_fieldsകോലിക്കരയിൽ കൃഷിയിടത്തിലേക്ക് കയറ്റുകൊട്ട ഉപയോഗിച്ച് ജലസേചനം നടത്തുന്ന ഇബ്രാഹിം
ചങ്ങരംകുളം: കാർഷിക മേഖലയിൽ ഏറെ നൂതന സങ്കേതങ്ങളും ഉപകരണങ്ങളും കൈയടക്കിയപ്പോൾ പുരാതന കൃഷി ഉപകരണങ്ങളും കാഴ്ചകളും നമുക്ക് അന്യമാകുകയാണ്. കോലിക്കരയിലെ തന്റെ കൃഷിയിടത്തിലേക്ക് വെള്ളം നിറക്കുന്ന ഇബ്രാഹിം എന്ന കർഷകൻ സമ്മാനിച്ചത് കാലം മറന്ന അപൂർവകാഴ്ചയാണ്. നെൽകൃഷിയിടത്തിലെ വെള്ളം വറ്റിയതോടെ തോട്ടിൽ കെട്ടി നിൽക്കുന്ന വെള്ളം കയറ്റുകൊട്ട ഉപയോഗിച്ച് ജലസേചനം നടത്തുകയാണ്.
പമ്പുസെറ്റുകളും വൈദ്യുതിയും ലഭ്യമല്ലാത്ത അപൂർവം ഭാഗങ്ങളിൽ പഴയ കാല കർഷകർ ഇന്നും ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നു. കയറ്റുകൊട്ടയും തൂക്കുകൊട്ടയും ജലചക്രവും കൃഷിയിടങ്ങളിൽനിന്ന് അപ്രത്യക്ഷമാവുമ്പോഴാണ് ഈ കാഴ്ച. പുതുതലമുറക്ക് തീരെ അപരിചിതമായ തേക്കുകൊട്ടയും പാത്തിയും തുമ്പിയും കൊട്ടയും കാലങ്ങൾക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു.