വിദ്യാർഥിയുടെ ജീവനെടുത്തത് പാതയോരത്തെ മൺകൂന
text_fieldsഅപകടത്തിൽപ്പെട്ട സ്കൂട്ടറും ടോറസ് ലോറിയും
ചങ്ങരംകുളം: നന്നംമുക്ക് പൂച്ചപ്പടിയിൽ ടോറസ് ലോറിക്കടിയിൽപെട്ട് വിദ്യാർഥി മരിക്കാനിടയാത് റോഡിലെ മൺതിട്ടമൂലം. അപകടത്തിൽ ടോറസ് ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. പാതയോരത്ത് പൈപ്പിടായി പൊളിച്ച കുഴിയിലെ മണ്ണ് വീതികുറഞ്ഞ റോഡിൽ കൂട്ടിയിട്ടതാണ് അപകടത്തിന് വഴിവെച്ചത്.
വേണ്ടത്ര വീതിയില്ലാത്ത വഴിയിൽ കൂട്ടിയിട്ട മൺകൂനയിൽ സ്കൂട്ടർ കയറി തെന്നി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഏറെ മാസങ്ങളായി വഴിയാത്രക്കാരും പ്രദേശവാസികളും കുഴികളും മൺതിട്ടകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ അനാസ്ഥയിൽ അപകടം തുടരുകയാണ്.
നിധിന്റെ മരണത്തിന് കാരണമായ പാതയോരത്തെ മൺതിട്ട നാട്ടുകാർ നീക്കം ചെയ്തപ്പോൾ
മരിച്ച നിധിനോടൊപ്പമുണ്ടായിരുന്ന ആദിത്യന് അതീവ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. രോശാകുലരായ നാട്ടുകാർ അപകടസ്ഥലത്തെ മൺതിട്ട നീക്കം ചെയ്തു.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാത ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ഗ്രാമീണ റോഡുകളും ജല അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തലങ്ങും വിലങ്ങും കീറിമുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുകള്‍ പൂര്‍വ സ്ഥിതിയിലാക്കായിട്ടില്ല.