ഉദിനുപറമ്പിൽ ലഹരി സംഘം യുവാക്കളെ ആക്രമിച്ചു
text_fieldsവെട്ടേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
ചങ്ങരംകുളം: ആലങ്കോട് ഉദിനുപറമ്പിൽ മദ്യലഹരിയിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചുവിട്ടതായി പരാതി. ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് ലഹരി സംഘം അക്രമം തുടങ്ങിയത്. സംഭവത്തിൽ ഒരാൾക്ക് വെട്ടേൽക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉദിനുപറമ്പ് സ്വദേശികളായ വടക്കേയിൽ സുബൈർ (45), റാഫി (39), ലബീബ് (21) എന്നിവർക്കാണ് പരിക്കേറ്റത്. മാരകാധങ്ങളുമായി വന്ന സംഘം സുബൈർ എന്നയാളെ വാളുകൊണ്ട് തലക്ക് വെട്ടി പരിക്കേൽപ്പിച്ചു.
പിടിയിലായ നിജിത്, ബാദുഷ, മണികണ്ഠൻ
ഇത് തടയാൻ ശ്രമിച്ച റാഫിയെ ഇരുമ്പുവടി കൊണ്ട് കഴുത്തിന് പിറകിൽ അടിക്കുകയായിരുന്നു. അക്രമം നടത്തി തിരിച്ചു പോകും വഴിയാണ് ലബീബിനെ വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ചത്. സുബൈറിന് തലയിൽ ഒമ്പത് തുന്നുണ്ട്. പരിക്കേറ്റ മൂന്നുപേരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. ഇതിന് മുമ്പും പ്രദേശത്ത് ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അക്രമസംഭവങ്ങളിൽ മൂന്നുപേർ അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശി കറുപ്പം വീട്ടിൽ ബാദുഷ (മോനായി-27), ചാവക്കാട് സ്വദേശി പൊന്നുപറമ്പിൽ നിജിത്ത് (28), കുന്നംകുളം കാട്ടകാമ്പാൽ സ്വദേശി ചെറുവള്ളിയിൽ മണികണ്ഠൻ (25) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് ഉദിനുപറമ്പിൽ താമസിച്ചിരുന്ന ബാദുഷയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്തെ യുവാക്കളും തമ്മിൽ സംഘർഷമുണ്ടായത്. നാട്ടുകാരായ യുവാക്കളുടെ ബൈക്കുകളിൽ കാറിടിച്ചുകയറ്റിയതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ളവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ ലഹരിവിൽപന സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നും കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.