കിഷോറിന് കൂട്ടായി സൗഹൃദം പങ്കിട്ട് വാനമ്പാടി കുയിൽ
text_fieldsകുയിലിന് ഭക്ഷണം കൊടുക്കുന്ന കിഷോർ.
ചങ്ങരംകുളം: പ്രഭാതത്തിൽ വാനമ്പാടി കുയിലിൻ്റെ ശബ്ദം കേട്ടാണ് കുറച്ചുകാലമായി കിഷോർ ചായക്കട തുറക്കുന്നത് തൊട്ടടുത്തുള്ള മരത്തിൽ കിഷോറിനേയും കാത്തിരിക്കുകയാണ് വാനമ്പാടി കുയിൽ. തൻ്റെ അന്നത്തിനുള്ള വിളിയാണ് കുയിലിന്റേത്. ഇതു മനസ്സിലാക്കി കിഷോർ കുമാർ ഭക്ഷണം നീട്ടുമ്പോൾ കുയിൽ പറന്ന് അരികിലെത്തും. ഭക്ഷണം കഴിച്ചാൽ നന്ദിസൂചകമായി കരഞ്ഞ് അടുത്തുള്ള മരത്തിലേക്ക് പറന്നുയരും.
മനുഷ്യരുമായി അടുത്തിടപഴകാൻ മടിക്കുന്ന പക്ഷികളിലൊന്നാണ് കുയിൽ. എന്നാൽ കിഷോറുമായി കുറച്ച് കാലമായി നല്ല സൗഹൃദത്തിലാണ് കുയിൽ. ചങ്ങരംകുളം മാന്തടത്തിൽ ചായക്കട നടത്തുന്ന കിഷോറിന്റെ അടുത്തേക്കാണ് വാനമ്പാടി കുയിൽ ദിവസവും പല സമയത്തായി എത്തുന്നത്.സുഭിക്ഷമായ തീറ്റ ലഭിക്കുമെന്നതാണ് ഈ വാനമ്പാടി കുയിൽ കിഷോറിനെ തേടിവരാൻ കാരണം. ഒരു വർഷത്തിലേറെ പഴക്കമുണ്ട് ഇരുവരുടെയും സൗഹൃദത്തിന്. എന്നും രാവിലെ കുയിലിനുള്ള തീറ്റയുമായി കിഷോർ തൻ്റെ കടയുടെ മുൻപിൽ നിൽക്കുന്നത് കണ്ടാൽ മതി കുയിൽ പറന്നെത്തും .
കിഷോർ നൽകുന്ന ഭക്ഷണം കഴിച്ച് തിരികെ പോവുകയും ചെയ്യും. ഇതിനിടക്ക് വിശന്നാൽ കുയിൽ അടുത്തുള്ള മരത്തിലിരുന്ന് കരയും. കരച്ചിൽ കേട്ടാൽ കിഷോർ ഭക്ഷണവുമായി എത്തുമെന്ന് കുയിലിന് അറിയാം. കിഷോർ ഇല്ലാത്ത സമയത്താണെങ്കിൽ അച്ചൻ കൃഷണനാണ് കുയിലിന്റെ അന്നദാതാവ്.