മുണ്ടകൻ പാടങ്ങളിൽ ഇത് സന്തോഷത്തിന്റെ കൊയ്ത്തു കാലം
text_fieldsകോക്കൂർ പ്രദേശത്തെ മുണ്ടകൻ കൊയ്ത്ത്
ചങ്ങരംകുളം: മേഖലയിലെ കർഷകർക്ക് ഏറെ ആവേശമായി മുണ്ടകൻ പാടത്ത് കൊയ്ത്തു തുടങ്ങി. കോക്കൂർ, ചിയ്യാനൂർ, എറവറാംകുന്ന്, ഒതളൂർ, കക്കിടിപ്പുറം, കപ്പൂർ, കടവല്ലൂർ പ്രദേശങ്ങളിലാണ് മുണ്ടകൻ കൃഷിയുള്ളത്. വർഷങ്ങളായി ഏറെ മുണ്ടകൻ പാടങ്ങൾ നികത്തിയെങ്കിലും ശേഷിക്കുന്ന പാടങ്ങളിൽ കർഷകരും കൃഷിഭവനും കൈകോർത്ത് കൃഷിയിൽ സജീവമാവുകയാണ്.
ഏറെയും കാലവർഷത്തെ ആശ്രയിച്ചാണ് മുണ്ടകൻ കൃഷി. എന്നാൽ രൂക്ഷമായ ജലക്ഷാമവും രോഗങ്ങളും മറ്റും കർഷകരെ ദുരിതത്തിലാക്കാറുണ്ട്. ഈ വർഷം വേണ്ടത്ര മഴ ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് പ്രദേശത്തെ കർഷകർ. കാലവർഷം കഴിഞ്ഞിട്ടും പെയ്ത മഴ കാരണം ജലക്ഷാമം തീരെ നേരിടാത്തതിനാൽ നല്ല വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷങ്ങളിൽ ഏറെ നഷ്ടങ്ങളും രൂക്ഷമായ ജലക്ഷാമവും പ്രദേശത്തെ കർഷകരെ ദുരിതത്തിലാക്കിയിരുന്നു.