കോൾ കർഷകർക്ക് ആശ്വാസമായി വേനൽ മഴയെത്തി
text_fieldsജലക്ഷാമം നേരിടുന്ന കോൾപാടങ്ങൾ
ചങ്ങരംകുളം: കടുത്ത ജലക്ഷാമം നേരിടുന്ന കോൾമേഖലക്ക് ആശ്വാസമായി വേനൽ മഴയെത്തി. കൃഷിക്ക് ഇനിയും ഒന്നര മാസത്തോളം സമയം അവശേഷിക്കുമ്പോൾ കോൾ മേഖയുടെ ജലസംഭരണിയായ നൂറടി തോടിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കർഷകർ കടുത്ത ആശങ്കയിലായിരുന്നു. കോൾപാടങ്ങളിൽ പലഭാഗങ്ങളിലും നൂറടി തോട്ടിൽനിന്നും മോട്ടോർ പമ്പ് ചെയ്താണ് ജലസേചനം നടത്തിവരുന്നത്. കടുത്ത ജലക്ഷാമത്തിലേക്ക് പോകുന്ന ഈ അവസരത്തിൽ പെയ്ത വേനൽ മഴ കർഷകർക്കിത് അമൃതവർഷമാണ്.
ഇനിയും ഒന്നരമാസത്തേക്ക് വെള്ളം പമ്പു ചെയ്യുന്നതിന് ആവശ്യമായ ജലം മതിയാകാതെ വരുന്ന ഈ സമയത്ത് വേനൽ മഴയെ കാത്തിരുന്ന കർഷകർ ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ വർഷങ്ങളിൽ കൊയ്ത്ത് സമയത്ത് പെയ്ത വേനൽ മഴ കർഷകർക്ക് ദുരിതം വിതച്ചപ്പോൾ നേരത്തേ എത്തിയ വേനൽമഴ അനുഗ്രഹമായി. കോൾ പാടങ്ങളിൽ പലഭാഗങ്ങളിലും നെല്ല് കതിരിട്ടിട്ടില്ല. നെല്ല് കതിരിടുന്ന ഈ സമയത്ത് ഏറെ വെള്ളം നൽകേണ്ടത് ആവശ്യമാണ്. ഈ സമയത്ത് ഇനിയും വേനൽ മഴയെ കാത്തിരിക്കുകയാണ് കോൾ മേഖലയിലെ കർഷകർ.