സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകുന്നില്ല; നെൽകർഷകർ ദുരിതത്തിൽ
text_fieldsചങ്ങരംകുളം: പൊന്നാനി കോൾ മേഖലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. മാസങ്ങള്‍ കഴിഞ്ഞിട്ടും നൂറുകണക്കിന് വരുന്ന നെൽകര്‍ഷകര്‍ക്ക് പണം ലഭിച്ചിട്ടില്ല. 52 കോൾ പടവുകളിലായി 7500 ഏക്കർ നെൽകൃഷിയാണ് പൊന്നാനി കോൾ മേഖലയിലുള്ളത്. 50 കോടിയോളം രൂപയാണ് ഇവിടെ കർഷകർക്ക് കിട്ടാനുള്ളത്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. ബണ്ട് തകർച്ചയും കീടബാധയും വിത്തിന്റെ അപാകതയും കർഷകർക്ക് ഇരുട്ടടിയായിരുന്നു.
വിത്തിന്റെ അപാകതമൂലം പതിര് വ്യാപകമായതോടെ പല കോൾപടവുകളിലും കർഷകർ കൊയ്ത്ത് ഉപേക്ഷിച്ചു. ഈ പ്രാവശ്യം രണ്ടുബണ്ട് തകർന്നു, താമരകോളും തെക്കേക്കെട്ടും 220 ഏക്കർ നെൽകൃഷി ഇവിടെ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും ഒരു രൂപ പോലും ഇതുവരെ കർഷകർക്ക് സഹായം കിട്ടിയിട്ടില്ല. അതിനിടക്കാണ് സംഭരിച്ച നെല്ലിന് പണം നൽകാതെ കർഷകരെ സപ്ലൈകോ വലക്കുന്നത്. സപ്ലൈകോയുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് എ.ഡി.എ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
സംഭരിച്ച നെല്ലിന് പി.ആര്‍എ.സ് അടിച്ച് നല്‍കിയതിന് ശേഷവും വെരിഫിക്കേഷന്റെ പേരില്‍ പണം നല്‍കാതെ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. എല്ലാ വര്‍ഷവും നെല്ലിന്റെ പണം ലഭിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍. കൃഷി ഇറക്കുന്നതിന്റെയും കൊയ്ത് തുടങ്ങുന്നതിന്റെയും സമയം കൃത്യമായി അറിയുന്നതാണെന്നും നെല്ലിന്റെ പണം കൃത്യമായി ലഭിക്കാത്തതിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്നും കൃഷിഭവനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. സപ്ലൈകോയുടെ നടപടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.