നൂറടി തോടിലെ ജലനിരപ്പ് താഴ്ന്നു; കോൾ മേഖലയിൽ ജലക്ഷാമ ഭീഷണി
text_fieldsചങ്ങരംകുളം: പൊന്നാനി ബിയ്യം കെട്ട് മുതൽ തൃശൂർ ജില്ലയിലെ വെട്ടിക്കടവ് വരെ വ്യാപിച്ചു കിടക്കുന്ന കോൾമേഖലയിലെ നെല്ലറക്ക് ജല സംഭരണ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറെയാണ്. പച്ചപ്പുതപ്പണിഞ്ഞ നൂറുകണക്കിന് ഏക്കർ വരുന്ന കോൾനിലങ്ങളിൽ ആവശ്യമായ ജലസംവിധാനം ഇപ്പോൾ വേണ്ടത്ര കാര്യക്ഷമമല്ല. ജലലഭ്യതയുടെ കുറവും ജലക്ഷാമവും ഇപ്പോൾ വർധിച്ചുവരികയാണ്. വേനലിന്റെ തുടക്കത്തിൽ തന്നെ നേരിടുന്ന ജലക്ഷാമവും ക്രമാതീതമായി താഴുന്ന ജലനിരപ്പും വരാനിരിക്കുന്ന വരൾച്ചയുടെ മുന്നറിയിപ്പാണ്.
13,600ൽപരം ഹെക്ടർ കൃഷിയിടങ്ങളാണ് പൊന്നാനി തൃശൂർ കോൾ മേഖലയിൽ സ്ഥിതി ചെയ്യുന്നത്. ഈ കോൾ മേഖലക്ക് ആവശ്യമായ ജലവിതരണ സംവിധാനം ഏറെ കാര്യക്ഷമമാകേണ്ടതുണ്ട്. ഒരു വർഷത്തെ കൃഷിക്കായി ഇവിടെ വിവിധ സ്രോതസ്സുകളിലായി ജലം സംഭരിക്കുന്നുണ്ട്. ബിയ്യം കായൽമുതൽ വെട്ടിക്കടവ് വരെ വിവിധ സംഭരണ സംവിധാനങ്ങളുണ്ട്. നരണിപ്പുഴ, ആമയം ഉപ്പുങ്ങൽ കടവ്, സ്രായിക്കടവ്, ചിറവല്ലൂർ കടവ്, അയിലക്കാട് കായൽ, ബിയ്യം കായൽ, ഒളമ്പക്കടവ് കായൽ, നൂറടിതോട് എന്നിവ മേഖലയിലെ വിവിധജല സംഭരണ സംവിധാനങ്ങളാണ്. എല്ലാ ജലസംഭരണികളേയും ബന്ധിച്ച് ബിയ്യം കെട്ട് മുതൽ വെട്ടിക്കടവ് വരെ വ്യാപിച്ചു കിടക്കുന്ന നൂറടി തോടാണ് ഇതിൽ പ്രധാനം. എന്നാൽ, ഈ ജലസംഭരണ സംവിധാനങ്ങളിലെ കാര്യക്ഷമത കുറയുന്നതോടെ കർഷകർ ദുരിതത്തിലാവുകയാണ്.
ഈ വർഷത്തിൽ കൃഷിയുടെ ആദ്യ നാളുകളിൽ തന്നെ നൂറടി തോടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കർഷകരെ ഭീതിയിലാഴ്ത്തുകയാണ്. ഇപ്പോൾ പല ഭാഗങ്ങളിലും പമ്പ് സെറ്റുകൾ ഉപയോഗിച്ചാണ് ജലം വിതരണം ചെയ്യുന്നത്. കൃഷിക്ക് ഇനിയും ഒന്നര മാസം ജലം ആവശ്യമായതിനാൽ രൂക്ഷമായ ജലക്ഷാമത്തിലേക്ക് വഴിവെക്കുമോയെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. മാറി വരുന്ന കാലാവസ്ഥ വ്യതിയാനവും തീവ്രമായ ചൂടും ജലസംഭരണ സംവിധാനത്തെ കാര്യമായി ബാധിക്കുന്നു. കൂടാതെ വർഷങ്ങളായി നവീകരണ പ്രവൃത്തികൾ നടക്കാത്ത ജലസംഭരണ സംവിധാനങ്ങളാണ് മേഖലയിലുള്ളത്.
എഴുനൂറ് ഏക്കർ വരുന്ന മൂന്ന് പഞ്ചായത്തുകളായി വ്യാപിച്ചു കിടക്കുന്ന കോലത്തുപാടം കോൾപടവും തൊള്ളായിരം ഏക്കർ വരുന്ന പരൂർ കോൾപടവും മേഖലയിലെ ഏറ്റവും വലിയ കോൾപടവാണ്. കൂടാതെ ചെറുതും വലുതുമായ നിരവധി കോൾപടവുകൾ മേഖലയിലുണ്ട്. കോലൊളമ്പ്, ചിറവല്ലൂർ, ആമയം, നന്നംമുക്ക് സ്രായിക്കടവ്, മൂക്കുതല പ്രദേശങ്ങളിലായി ഏക്കർകണക്കിന് കോൾനിലങ്ങളിലാണ് ഒരേ സമയം കൃഷി നടക്കുന്നത്.
ഈ വർഷം രണ്ട് കോൾപടവുകൾ മാത്രമാണ് കൃഷിയുടെ പ്രവൃത്തികൾ വൈകി ആരംഭിച്ചത്. ബണ്ട് തകർന്ന ചിറവല്ലൂർ തെക്കെ കെട്ടും മഴയിൽ ഞാറ് നശിച്ച പരൂർ കോൾപടവിലുമാണ് കൃഷി ഏറെ വൈകിയത്. പമ്പിങ് വൈകിയതിനാലും ആവശ്യത്തിന് ഞാറ് ലഭ്യമല്ലാതിരുന്നതിനാലും ഇവിടെ നടീൽ വൈകുകയായിരുന്നു.
ചില കോൾ പടവുകളിലും ഒരുമിച്ച് കൃഷിയിറക്കാൻ കഴിയാറില്ല. പമ്പിങ് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതും തൊഴിലാളികളുടെ ലഭ്യതക്കുറവും ബണ്ട് തകർച്ചയും ഇതിന് കാരണമാകുന്നു.
എങ്കിലും മിക്കവാറും കോൾ പടവുകളിലും ഒരുമിച്ചാണ് കൃഷി ആരംഭിക്കുന്നത്. കൃഷി വൈകുന്ന കോൾപടവുകളിൽ ജല ലഭ്യത കുറയാനും സാധ്യത ഏറെയാണ്. കോൾമേഖലയിൽ സ്ഥിരം ബണ്ട് നിർമാണം ഏറെക്കുറെ പൂർത്തിയായതിനാൽ ജല സംഭരണ സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.