ഷുഗർഫ്രീ തണ്ണിമത്തനുമായി യുവകർഷകൻ
text_fieldsപ്രണവിന്റെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് വാർഡ് അംഗം ചന്ദ്രമതി, അസിസ്റ്റന്റ് കൃഷി ഓഫിസർ സി.പി. മനോജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ചങ്ങരംകുളം: നൂതന കൃഷിരീതിയുമായി മണ്ണിലിറങ്ങി പൊന്ന് വിളയിച്ച് യുവ കർഷകൻ മാതൃകയാകുന്നു. ആലങ്കോട് കൃഷിഭവൻ പരിധിയിൽ മൂന്നാംവാർഡിൽ അറുപത് സെന്റ് സ്ഥലത്താണ് പ്രണവ് വിളവിറക്കിയത്. സിജെന്റ ഇനത്തിൽ പെട്ട നല്ല മധുരമുള്ള ഷുഗർഫ്രീ തണ്ണിമത്തനാണു കൃഷി ചെയ്തിരിക്കുന്നത്. കൃഷിഭവന്റെ ഭാഗത്തുനിന്നും സബ്സിഡി ഉൾപ്പെടെ സഹായങ്ങൾ പ്രണവിനെ തേടിയെത്തി.
കൃഷിയുടെ പ്രാരംഭ പ്രവൃത്തി മുതൽ വിളവെടുപ്പ് വരെ സജീവമായി പ്രണവ് കൃഷിയോടൊപ്പമായിരുന്നു. ജലസേചനവും പരിചരണവും വളപ്രയോഗവും പ്രണവ് നടത്തുകയുണ്ടായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തണ്ണിമത്തൻ ആശങ്കയോടെ വാങ്ങി കഴിക്കുന്നതിന് പകരം വിഷരഹിതമായ കൃഷി നമുക്കും നടത്താൻ കഴിയുമെന്ന് ഈ യുവകർഷകൻ പറയുന്നു. കൃഷിക്ക് ഉയർന്ന വിളവ് ലഭിച്ചതോടെ നിറഞ്ഞ സന്തോഷത്തിലാണ് പ്രണവ്.
തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ആലങ്കോട് മൂന്നാം വാർഡ് അംഗം ചന്ദ്രമതി, അസിസ്റ്റന്റ് കൃഷി ഓഫിസർ സി.പി. മനോജ് എന്നിവർ ചേർന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൻ ഷമീന, കർഷകരായ കുഞ്ഞിമുഹമ്മദ്, ആമിനക്കുട്ടി, ജംഷിർ തുടങ്ങിയവർ പങ്കെടുത്തു.