ഒരു കാമ്പസ്, ഒരു യൂനിയൻ, ആവശ്യവുമായി യു.ഡി.എസ്.എഫ്; എതിർത്ത് എസ്.എഫ്.ഐ
text_fieldsയു.ഡി.എസ്.എഫ്, എസ്.എഫ്. ഐ പതാക
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഉപകേന്ദ്രങ്ങളിൽ പ്രത്യേകം വിദ്യാർഥി യൂനിയൻ വേണമെന്നും പ്രധാന കാമ്പസിൽ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയനൊപ്പം സ്വാശയ സെന്റർ വിദ്യാർഥികളെക്കൂടി യോജിപ്പിക്കണമെന്നും എം.എസ്.എഫ്. ആവശ്യത്തെ ശക്തമായി എതിർത്ത് എസ്.എഫ്.ഐ. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർഥി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈസ് ചാൻസലർ വിളിച്ച യോഗത്തിലാണ് കടുത്ത ഭിന്നതയുണ്ടായത്.
സർവകലാശാല കാമ്പസ് യൂനിയന്റെ ഭാഗമായുള്ള ഐ.ടി.എസ്.ആർ, ജെ.എം.സി തുടങ്ങിയ സാറ്റലൈറ്റ് കാമ്പസുകളിൽ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ പരിപാടികൾ വ്യവസ്ഥാപിതമായി നടക്കുന്നില്ലെന്നും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. അതിനാൽ പ്രത്യേകം യൂനിയനുകൾക്ക് അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ഐ.ടി.എസ്.ആറിന് മാത്രം പ്രത്യേക യൂനിയനാകാമെന്നും മറ്റിടങ്ങളിൽ അനുവദിക്കരുതെന്നും അതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നും എസ്.എഫ്.ഐ നിലപാടെടുത്തു. നിലവിലെ സർവകലാശാല നിയമങ്ങൾ പ്രകാരം മാത്രമേ നടപടികൾ സ്വീകരിക്കാവൂ എന്നും അവർ പറഞ്ഞു.
വയനാട് ചെതലയത്തെ ഐ.ടി.എസ്.ആർ, തൃശൂർ ജോൺ മത്തായി സെന്റർ എന്നിവക്ക് വ്യത്യസ്ത യൂനിയനുകൾ ആരംഭിക്കണമെന്നും സർവകലാശാലക്ക് കീഴിലെ എല്ലാ ഗവേഷക വിദ്യാർഥികൾക്കും പ്രത്യേകം യൂനിയൻ രൂപവത്കരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. എ. ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി, എ.കെ.ആർ.എസ്.എ സംഘടന പ്രതിനിധികളും യോഗത്തിന് എത്തിയിരുന്നു.
യൂനിയൻ ജനറൽ സെക്രട്ടറിയെ തടഞ്ഞു
തേഞ്ഞിപ്പലം : കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് സമവായത്തിലെത്താൻ വൈസ് ചാൻസലർ വിളിച്ച യോഗത്തിൽ അനിഷ്ട സംഭവങ്ങൾ. യോഗത്തിൽ പങ്കെടുക്കാനെത്തിയ യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറിയെ എസ്.എഫ്.ഐ തടഞ്ഞു. യൂനിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളെ യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ അനുവദിച്ചില്ല. ഇത് ബഹളത്തിനും ഇടയാക്കി.