കുടിനീരു തേടി ചെർളശ്ശേരി നിവാസികൾ
text_fieldsജലക്ഷാമ ഭീഷണി നേരിടുന്ന പോട്ടൂർ ചെർളശ്ശേരിയിലെ കുടുംബങ്ങൾ
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ നാലാം വാർഡിലെ പോട്ടൂർ ചെർളശ്ശേരിയിൽ ജലക്ഷാമം രൂക്ഷം. 35 കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ പ്രധാന ജലസ്രോതസ്സായ പഞ്ചായത്ത് കിണറ്റിൽ വളർച്ച ഭീഷണിയിലാണ്. പല വീടുകൾക്കും സ്വന്തമായി കിണറില്ലാത്തതിനാൽ പഞ്ചായത്തിന്റെ കുഴൽകിണറാണ് ഏക ആശ്രയം. എന്നാൽ, കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച കുഴൽകിണറിന്റെ പമ്പുസെറ്റ് തകരാറിലാകുകയും, പുനഃസ്ഥാപിക്കാൻ നടപടി വൈകുകയും ചെയ്തതോടെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലായി. നിലവിൽ ടാങ്കറുകളിൽ എത്തിക്കുന്ന ജലമാണ് ഏകാശ്വാസം.
എന്നാൽ, രണ്ട് ദിവസത്തിലൊരിക്കൽ ആയിരത്തോളം ലിറ്ററിന് വൻ തുക നൽകിയാണ് പ്രദേശവാസികൾ വെള്ളം വാങ്ങുന്നത്. പ്രതിമാസം ആയിരങ്ങൾ വെള്ളത്തിനായി മാത്രം ചിലവാക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഒന്നരവർഷം മുമ്പ് കുഴൽകിണറിൽ സ്ഥാപിച്ച പമ്പ് സെറ്റ് പ്രവർത്തനരഹിതമാകുകയും, പമ്പ് ഹൗസിന് ഭാഗികമായി തകർച്ച സംഭവിക്കുകയും ചെയ്തിരുന്നു.
കുടിവെള്ള പദ്ധതിക്കായി അനുവദിച്ചതിൽ പമ്പ് സെറ്റ് ഒന്നരവർഷം മുമ്പാണ് പഞ്ചായത്ത് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇതിനായി നിർമിച്ച പമ്പ് ഹൗസ് നിലവിൽ ശോച്യാവസ്ഥയിലാണ്. മനുഷ്യത്തിന്റെ ജീവന്റെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ അധികാരികൾക്ക് കഴിയാത്തത് വലിയ വീഴ്ചയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്.