ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന്
text_fieldsസി.പി.എം നേതൃത്വത്തിൽ ചുങ്കത്തറയിൽ നടത്തിയ ആഹ്ലാദ പ്രകടനം, ഇൻസൈറ്റിൽ എം.കെ. നജ്മുന്നീസ
ചുങ്കത്തറ: 11 വർഷത്തിനുശേഷം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എം തിരിച്ചുപിടിച്ചു. ലീഗ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച എം.കെ. നജ്മുന്നീസയുടെ പിന്തുണയോടെ ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് സി.പി.എം ഭരണം നേടിയത്. ചൊവ്വാഴ്ച രാവിലെ നടന്ന വോട്ടെടുപ്പിൽ, ഇടത് പാനലിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച നജ്മുന്നീസ യു.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥി നിഷിദ മുഹമ്മദലിയെയാണ് തോൽപിച്ചത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 10 വീതം സീറ്റുകൾ നേടി പഞ്ചായത്തിൽ ഇരുപക്ഷവും തുല്യരായെങ്കിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ വത്സമ്മ സെബാസ്റ്റ്യന് നറുക്ക് വീണതോടെ അവർ പ്രസിഡന്‍റാവുകയായിരുന്നു.
ഇവർ അവിശ്വാസത്തിലൂടെ പുറത്തായതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്‍റ് യു.ഡി.എഫ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും തന്നിഷ്ടം പോലെ പ്രവർത്തിക്കുന്നതായും ആരോപിച്ച്, കളക്കുന്ന് 14ാം വാർഡിൽ നിന്ന് ലീഗ് സ്വതന്ത്രയായി വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തേക്ക് ചേക്കറുകയായിരുന്നു. സി.പി.എം -10, മുസ്ലിംലീഗ് -3, കോൺഗ്രസ് -7 എന്നിങ്ങനെയായിരുന്നു കക്ഷിനില. നജ്മുന്നീസ കളംമാറിയതോടെ 20 സീറ്റുകളിൽ സി.പി.എം -11, ലീഗ് -2, കോൺഗ്രസ് -7 എന്നിങ്ങനെയായി കക്ഷിനില. നിലമ്പൂർ ഭൂരേഖ വിഭാഗം തഹസിൽദാർ ജയശ്രീയായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വരണാധികാരി. തെരഞ്ഞടുപ്പിനുശേഷം സി.പി.എം അംഗങ്ങളെ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് എൽ.ഡി.എഫ് നേതൃത്വത്തിൽ ചുങ്കത്തറ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.