തലമുറകൾക്ക് വെളിച്ചം നൽകിയ ഹംസ മാഷിന് യാത്രാമൊഴി
text_fieldsമങ്കട ഗവ. സ്കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമത്തിൽ ഹംസ മാഷ് സംസാരിക്കുന്നു (ഫയൽ ചിത്രം)
മങ്കട: തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയ ഗുരുനാഥന് നാടിന്റെയും ശിഷ്യഗണങ്ങളുടെയും യാത്രാമൊഴി. പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഹംസ മാസ്റ്റർ വിദ്യാർഥികൾക്ക് എന്നപോലെ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു. ദുരിതകാലങ്ങൾ താണ്ടി കഠിനപ്രയത്നത്തിലൂടെ ഉന്നതിയിൽ എത്തിയതാണ് ഹംസ മാഷിന്റെ ചരിത്രം.
ബി.എസ്.സി ഡിഗ്രിയും ഫാറൂഖ് ട്രെയിനിങ് കോളജിൽനിന്ന് ബി.എഡും കരസ്ഥമാക്കിയ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തെങ്കിലും കാൽ നൂറ്റാണ്ടിലേറെ കാലം മങ്കട ഗവ. ഹൈസ്കൂൾ തന്നെയായിരുന്നു മാഷിന്റെ പ്രവർത്തന മേഖല.
2001ൽ മികച്ച സേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാർഡ് മാഷെ തേടിയെത്തുമ്പോൾ മങ്കട ഗവ. ഹൈസ്കൂളിന് മാത്രമല്ല നാടിനു തന്നെ അത് അഭിമാനമായിരുന്നു. മങ്കട ഗവ. ഹൈസ്കൂളിനെ അതിന്റെ വളർച്ചയിലെ സുവർണ കാലഘട്ടമായി മാറ്റിയെടുക്കുന്നതിൽ മാഷ് വഹിച്ച പങ്ക് വലുതാണ്.
രോഗബാധിതനാകുന്നത് വരെ സ്കൂളിൽ നടക്കുന്ന എല്ലാ പൂർവ വിദ്യാർഥി സംഗമങ്ങളിലും മാഷ് പങ്കെടുക്കുകയും വിദ്യാർഥികളുമായി സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം.