പഴയ കെട്ടിടം പൊളിച്ചിട്ട് വർഷങ്ങൾ; മുതുവിൽകുണ്ട് സബ് സെന്റർ നിർമാണം ഇനിയും തുടങ്ങിയില്ല
text_fieldsകണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ മുതുവിൽകുണ്ട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ നിലയിൽ
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന മുതുവിൽകുണ്ട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം പണി ആരംഭിക്കാൻ കഴിഞ്ഞില്ല. ചേറൂർ മുതുവിൽകുണ്ടിൽ അംഗൻവാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന സബ് സെന്ററിനാണ് ഈ ഗതികേട്. പഴയ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചതിനാൽ കെട്ടിടം ഉപയോഗ യോഗ്യമല്ലെAന്നു കണ്ടെത്തുകയും 2022ൽ കോൺക്രീറ്റ് കെട്ടിടം പൊളിച്ചു മാറ്റുകയുമായിരുന്നു.
മൂന്ന് വർഷം കഴിഞ്ഞിട്ടും കെട്ടിടാവശിഷ്ടം ലേലം ചെയ്തു ഒഴിവാക്കാനോ, പുതിയ കെട്ടിടത്തിന് ടെൻഡർ വിളിക്കാനോ ബന്ധപ്പെട്ടവർക്കായിട്ടില്ല. 4,95,000 രൂപ ചെലവിട്ട് 2022ൽ സ്ഥാപിച്ച 14.40 മീറ്റർ നീളത്തിലുള്ള ചുറ്റുമതിലിന്റെ ഒരു ഭാഗം മാത്രമാണ് ഇവിടെ ഇപ്പോൾ അവശേഷിച്ചിട്ടുള്ളത്. നവകേരളം ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും (സബ് സെന്ററുകള്‍) ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കിയത്.
പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ധിച്ചുവരുന്ന രോഗാതുരത, അതിവേഗം വര്‍ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ മുന്നില്ക്കണ്ടാണിതെന്നും അന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇവിടെ പൊളിച്ചു മാറ്റിയ ഉടനെ അവശിഷ്ടങ്ങൾ എടുത്തു മാറ്റാൻ ലേലത്തിനു വെച്ചെങ്കിലും നടന്നില്ലെന്നാണ് അധികൃത ഭാഷ്യം. അവശിഷ്ടങ്ങൾ മാറ്റി സ്ഥലം നിരപ്പാക്കൽ പണി നടക്കാത്തതിനാലാണ് നിർമാണത്തിനു ടെൻഡർ വിളിക്കാൻ കഴിയാതിരുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതിനിടെ പുനർനിർമാണത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് നേരത്തെ തുക അനുവദിച്ചിരുന്നെങ്കിലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും കൈമലർത്തുന്നു. ഫലത്തിൽ പൊളിച്ചു മാറ്റിയ സബ് സെന്ററിന് തൊട്ടടുത്തുള്ള അംഗൻവാടി കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്ലിനിക്കുകൾ നാമമാത്രമായെങ്കിലും നടക്കുന്നത്. ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രൂപത്തിൽ പ്രവർത്തനം ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അലസത വെടിയണം
വേങ്ങര: കുടുംബക്ഷമ പരിപാടികള്‍, ഗര്‍ഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകേണ്ട മുതുവിൽകുണ്ട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കണ്ണമംഗലം മുൻ ഗ്രാമപഞ്ചായത്ത് അംഗം സക്കീന ചേറൂർ ആവശ്യപ്പെട്ടു. വിളർച്ച, മലേറിയ, ഡെങ്കിപ്പനി, മന്ത്, തുടങ്ങിയ അസുഖ നിർണ്ണയ ലാബ് ടെസ്റ്റുകളും ഗർഭാശയ ക്യാൻസർ സ്ക്രീനിങ് തുടങ്ങിയ പരിശോധനകളും നടത്തേണ്ട ഈ കേന്ദ്രങ്ങളിൽ അതിനു ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.