ഇനി, പാചക വാതകം പൈപ്പ് വഴി വീടുകളിലെത്തും
text_fieldsമലപ്പുറം: വീട്ടമ്മമാർക്ക് ഇനി പാചകവാതകം തീർന്നാൽ ഏജന്റിനെ വിളിച്ച് വണ്ടി വരുന്നതും കാത്തിരിക്കേണ്ടി വരില്ല. അയൽപക്കത്തോ ബന്ധു വീടുകളിലോ വിളിക്കേണ്ടതില്ല. പാചകവാതകം പൈപ്പ് വഴി നിങ്ങളുടെ അടുപ്പിലേക്ക് നേരിട്ടെത്തും. ഉപയോഗിക്കുന്ന അളവിന് അനുസരിച്ച് മീറ്ററിൽ കാണുന്ന യൂനിറ്റിന് രണ്ടു മാസം കൂടുമ്പോൾ ബിൽ അടച്ചാൽ മതി.
പൈപ്പുകളിലൂടെ പാചക വാതകം വീടുകളിലേക്കെത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതി ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മഞ്ചേരി നഗരസഭയിലെ ആറ്, ഏഴ് വാർഡുകളിൽ വീടുകളിലേക്ക് പൈപ്പിടുന്ന ജോലികൾ തീർന്നു. മാർച്ചോടെ നഗരസഭയിലെ മൊത്തം വീടുകളിലും വാതകമെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന എം.ആർ. ഹരികൃഷ്ണ അറിയിച്ചു.
കണക്ഷൻ വേണ്ടവരിൽനിന്ന് അടുത്ത മാസം അപേക്ഷ ക്ഷണിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐ.ഒ.സി) അദാനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗെയിലുമായി കരാറിലേർപ്പെട്ട കമ്പനി 150 കോടി രൂപയാണ് ആദ്യഘട്ടത്തിന് ചെലവ് കണക്കാക്കുന്നത്. നാലു ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക.
മഞ്ചേരിയിൽ തുടക്കം, പിന്നെ മലപ്പുറം, കോട്ടക്കൽ
മഞ്ചേരി നഗരസഭയിൽ പദ്ധതി പൂർത്തിയാക്കിയതിനുശേഷം വള്ളുവമ്പ്രം വഴി മലപ്പുറം നഗരസഭയിലും കോട്ടക്കലുമാണ് ആദ്യഘട്ടത്തിൽ പാചകവാതകം എത്തിക്കുക. മലപ്പുറം, കോട്ടക്കൽ എന്നിവിടങ്ങളിൽ പൈപ്പിടൽ പുരോഗമിക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇത് പൂർത്തിയാവുമെന്നാണ് കരുതുന്നത്. പെരിന്തൽമണ്ണ, കൊണ്ടോട്ടി, കാക്കഞ്ചേരി എന്നിവിടങ്ങളിൽ ഈ വർഷം അവസാനത്തോടെ വാതകമെത്തും. 2023ൽ മൂന്നാം ഘട്ടത്തിൽ തിരൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിൽ പദ്ധതി നടപ്പാക്കും. ബാക്കിയുള്ള നഗരസഭകളിൽ അവസാനഘട്ടത്തിലും അതിന് പിറകെ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭകളുടെയും ദേശീയപാത, പൊതുമരാമത്ത് അധികൃതരുടെയും അനുമതികൾ കൂടി ലഭിക്കുന്നതോടെ നിർമാണ പ്രവൃത്തികൾക്ക് വേഗം കൂടും.
വാതകം എടുക്കുന്നത് ഗെയിൽ പൈപ്പ് ലൈനിൽനിന്ന്
കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈനിൽനിന്നാണ് പ്രകൃതി വാതകം എടക്കുന്നത്. ഇതിനായി ജില്ലയിൽ നേരത്തേ തന്നെ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. മലപ്പുറം കോഡൂർ, മഞ്ചേരി വീമ്പൂർ, വളാഞ്ചേരി കാട്ടിപ്പരുത്തി, അരീക്കോട് ആലുക്കൽ എന്നിവിടങ്ങളിലാണ് ഗെയിൽ സ്റ്റേഷനുകളുള്ളത്. വീമ്പൂരിൽ നിന്നാണ് പദ്ധതിക്കാവശ്യമായ വാതകം എടുക്കുന്നത്. ഗെയിലിന്റെ പ്രധാന ലൈനിൽ വാൾവുകൾ ഘടിപ്പിച്ച് ആറിഞ്ച് വ്യാസമുള്ള പൈപ്പുകൾ വഴിയാണ് വാതകം സ്റ്റേഷനിലേക്ക് മാറ്റുന്നത്. ഇവിടെ നിന്ന് റോഡിന്റെ വശങ്ങളിലൂടെ എട്ടിഞ്ച് വ്യാസമുള്ള പൈപ്പുകൾ വഴിയാണ് കൊണ്ടുപോവുക. വീടുകളിലേക്ക് എത്തുമ്പോൾ പൈപ്പുകളുടെ വ്യാസം ഒരിഞ്ചായി മാറും.
വാഹനങ്ങൾക്ക് സി.എൻ.ജി, കിലോ 75 രൂപ
പാചക വാതകത്തിന് പുറമെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) വിതരണം ചെയ്യുന്ന പദ്ധതിക്കും ജില്ലയിൽ തുടക്കമായിട്ടുണ്ട്. ഒരു കിലോ വാതകത്തിന് 75 രൂപയാണ് ഇപ്പോഴത്തെ വില. ഒരു കിലോ ഗ്യാസ് 1.2 ലിറ്റർ ഡീസലിന് തുല്യമാണ്. മൈലേജ് അധികമായി ലഭിക്കുമെന്ന നേട്ടവുമുണ്ട്. സി.എൻ.ജി ഉപയോഗിക്കുന്ന ഓട്ടോ ഡ്രൈവർമാർ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഒരു കിലോക്ക് 70 കി.മീറ്റർ വരെ മൈലേജ് ലഭിക്കും. ഡീസലിനിത് 40-45 കി.മീറ്ററാണ്. പെട്രോൾ പമ്പുകൾ വഴിയാണ് വിതരണം. ഐ.ഒ.സി, എച്ച്.പി, ബി.പി.സി.എൽ കമ്പനികളുടെ പെട്രോൾ ബങ്കുകളിലാണ് ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. കോഡൂർ, വണ്ടൂർ, തലക്കടത്തൂർ, പരപ്പനങ്ങാടി, രാമനാട്ടുകര എന്നിവിടങ്ങളിലാണ് നിലവിൽ സി.എൻ.ജി സ്റ്റേഷനുകളുള്ളത്. തിരൂർ, പെരിന്തൽമണ്ണ, തിരുനാവായ, എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, നിലമ്പൂർ എന്നീ നഗരങ്ങളിൽ കൂടി ഈ വർഷം തന്നെ സ്റ്റേഷനുകൾ തുടങ്ങും. പ്രകൃതി വാതകം മർദം കൂട്ടിയാണ് വാഹനങ്ങൾക്ക് വേണ്ട സി.എൻ.ജി ആക്കി മാറ്റുന്നത്.
ബസുകൾക്കും വ്യവസായങ്ങൾക്കും വൈകാതെ
വ്യാവസായിക സ്ഥാപനങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും പ്രകൃതി വാതകം ഉപയോഗിക്കാം. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റേഷനുകൾ സ്ഥാപിക്കും. കാറുകളും ഓട്ടോ റിക്ഷകളുമാണ് നിലവിൽ സി.എൻ.ജി ഉപയോഗിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം കാരണം നിർമാണ ജോലികൾക്ക് അൽപം തടസ്സം നേരിട്ടിട്ടുണ്ടെങ്കിലും അധികം വൈകാതെ ആദ്യഘട്ടം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
രണ്ടു മാസത്തേക്ക് 700 രൂപ
രണ്ടു മാസത്തേക്ക് നാലംഗ കുടുംബത്തിന് 700 രൂപയോളമാണ് ബിൽ അടക്കേണ്ടി വരിക. ഉപയോഗിക്കുന്ന വാതകത്തിന്റെ അളവ് തീരുമാനിക്കാൻ ഓരോ വീടുകളിലും അടുക്കളക്ക് പുറത്ത് മീറ്ററുകൾ സ്ഥാപിക്കും. ചുമർ തുളച്ച് പൈപ്പ് അടുപ്പിലേക്ക് ഘടിപ്പിക്കും. അടുപ്പിന് പുറത്തും മീറ്ററിന് സമീപവും ചോർച്ചയോ അപകടമോ ഉണ്ടായാൽ തടയുന്നതിന് വാൾവുകളുണ്ടാവും. വൈദ്യുതി ബിൽ മാതൃകയിൽ തുക കണക്കാക്കി വീടുകളിൽനിന്ന് ശേഖരിക്കാൻ ജീവനക്കാരെത്തും. പിന്നീട് ഓൺലൈനായും അടക്കാൻ സൗകര്യമൊരുക്കും. നിലവിലെ ഗ്യാസ് അടുപ്പുകളുടെ ബർണറുകളിൽ ചെറിയ മാറ്റം വരുത്തേണ്ടി വരും. ഇത് കമ്പനി അധികൃതർ ചെയ്തു തരും. എറണാകുളത്ത് 4000 വീടുകളിൽ ഈ രീതിയിൽ പാചക വാതകം വിതരണം ചെയ്യുന്നുണ്ട്.
പാചക വാതകത്തേക്കാൾ അപകടം കുറവ്
വായുവിനേക്കാൾ ഭാരം കുറഞ്ഞതാണ് പ്രകൃതി വാതകം. പൈപ്പിൽ ചോർച്ചയുണ്ടായാൽ വാതകം കെട്ടി നിൽക്കാതെ വേഗത്തിൽ മുകളിലേക്ക് പോകുന്നത് അപകട തീവ്രത കുറക്കും. വീടുകളിൽ ഉപയോഗിക്കുന്ന എൽ.പി.ജിയേക്കാൾ അപകട സാധ്യത കുറവാണിതിനെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. സേഫ്റ്റി വാൾവുകളുള്ളതുകൊണ്ട് പെട്ടെന്ന് പൈപ്പ് പൂട്ടാനും സാധിക്കും. മീഡിയം ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ (എം.ഡി.പി.ഇ) ഉപയോഗിച്ചാണ് വീടുകളിലേക്ക് കണക്ഷൻ നൽകുക.