അഴിമതി ആരോപണം; നിലമ്പൂർ നഗരസഭയിൽ വിജിലൻസ് പരിശോധന
text_fieldsനിലമ്പൂർ: ജ്യോതിപ്പടി ചാലിയാർ തോടിന്റെ സംരംക്ഷണഭിത്തി നിർമാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ പൊലീസ് വിജിലൻസ് സംഘം നഗരസഭയിൽ പരിശോധന നടത്തി. മുൻ ഭരണസമിതിയുടെ കാലത്ത് മൂന്ന് ഘട്ടങ്ങളായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഭിത്തി നിർമിച്ചത്. സ്വകാര്യ ഭൂഉടമകളെ സഹായിക്കാൻ അഴിമതി നടത്തിയെന്ന് നഗരസഭ കൗൺസിലർ എം.കെ. വിജയനാരായണൻ നൽകിയ പരാതിയിലാണ് അന്വേഷണം.
ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗത്തിൽ ഫയലുകൾ പരിശോധിച്ചു. തഹസിൽദാർ കെ. ശബരീനാഥ് ഒപ്പമുണ്ടായിരുന്നു. തോട് സന്ദർശിച്ച് നിർമിതികൾ നിരീക്ഷിച്ചു. വിജിലൻസ് നിർദേശപ്രകാരം താലൂക്ക് സർവേയർ പി.വി. സുമേഷ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി. സർവേയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്നാണ് സൂചന. ഭിത്തി നിർമാണത്തിന് മരങ്ങൾ മുറിച്ച് ലേലം ചെയ്യാൻ അന്നത്തെ നഗരസഭ സെക്രട്ടറി നിർദേശം നൽകിയതായി ഫയലിൽ കണ്ടെത്തി. എന്നാൽ, ലേലം നടത്തിയതിന്റെയും പണം നഗരസഭയിൽ മുതൽകൂട്ടിയതിന്റെയും രേഖ പരിശോധനയിൽ ലഭിച്ചില്ല.


