പരീക്ഷാഭവനിലെ സെക്ഷനുകൾ കുറക്കുന്നതിനെതിരെ വിമർശനം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിലെ സെക്ഷനുകൾ ഇല്ലാതാക്കുകയും പ്രധാനപ്പെട്ട ഫയലുകൾ മറ്റ് സെക്ഷനുകളിലേക്ക് മാറ്റുകയും ചെയ്യുന്നത് അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും മറച്ചുവെക്കാനാണെന്ന് ആരോപണം. ഇക്കാര്യം ഉന്നയിച്ച് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്ത് നൽകി.
സിൻഡിക്കേറ്റിലോ മറ്റ് ഉത്തരവാദിത്തപ്പെട്ട സമിതികളിൽ ചർച്ച ചെയ്യാതെയാണ് ഈ മാറ്റങ്ങളെന്നും പരീക്ഷാ കൺട്രോളറുടെയും പരീക്ഷ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുടെയും നേതൃത്വത്തിൽ നടക്കുന്ന ഏകപക്ഷീയമായ ഇത്തരം നടപടികൾ സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യത, വിശ്വാസ്യത എന്നിവയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ സൃഷ്ടിച്ചതായി പ്രതിപക്ഷ സിൻഡിക്കേറ്റംഗം ചൂണ്ടിക്കാട്ടി.പരീക്ഷാഭവനിൽ വർഷങ്ങളായി നടന്നുവരുന്ന അഴിമതികളും ക്രമക്കേടുകളും മറയ്ക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർഥി നേതാവിന് അനധികൃതമായി മാർക്ക് നൽകിയ കേസിലെ ഫയലുകൾ ഇല്ലാതാക്കിയ പഴയ സംഭവവും ഇതിന് തെളിവാണ്. സെക്ഷനുകളിൽ അബോളിഷ് ചെയ്യുന്നതിന് പരീക്ഷാ കൺട്രോളറുടെ ഓഫിസാണ് ഉത്തരവുകൾ ഇറക്കുന്നത്.
പരീക്ഷാഭവന്റെ പ്രവർത്തനങ്ങൾ അധ്യാപകരെയും പ്രയാസത്തിലാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ അച്ചടിക്കുന്നത് മുതൽ മാർക്ക് എൻട്രി നടത്തുന്നതു വരെ അധ്യാപകരാണ്. സർവകലാശാല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്ന ക്ലറിക്കൽ പിശകുകൾക്കുപോലും അധ്യാപകർക്ക് വൻതുക പിഴയായി ചുമത്തുകയും ചെയ്യുന്നതായും കത്തിൽ പറയുന്നു.
11 സെക്ഷനുകൾ പിരിച്ചുവിടാനുള്ള പരീക്ഷാ കൺട്രോളറുടെ തീരുമാനം പരീക്ഷാഭവനിലെ 11 സെക്ഷൻ ഓഫീസർമാർ, 33 അസിസ്റ്റന്റുമാർ അസിസ്റ്റന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ക്ലറിക്കൽ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകൾ ഇല്ലാതെയാക്കും. ഇത് ഭാവിയിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.