എടവണ്ണയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജൽ ജീവൻ പദ്ധതിക്ക് കാത്തിരിപ്പ് നീളുന്നു
text_fieldsടാങ്കറുകളിൽ എത്തിച്ച കുടിവെള്ളം വിതരണംചെയ്യുന്നു
എടവണ്ണ: പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാനുള്ള ജൽ ജീവൻ പദ്ധതിക്കായി കാത്തിരിപ്പ് നീളുന്നു. പദ്ധതിയിലെ പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടതും പദ്ധതികൾ പൂർത്തിയാക്കി ജല അതോറിറ്റിക്ക് കൈമാറാത്തതുമാണ് കാരണം. ജോലി ഏറ്റെടുത്ത പല കരാറുകാരും ഗുണനിലവാരം കുറഞ്ഞ പൈപ്പുകളും മറ്റും ഉപയോഗിച്ചതിനാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലൂടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയാണ്. ചില സ്ഥലങ്ങളിൽ ജോലി മുഴുവനാകാത്തതും പദ്ധതി കൈമാറൽ വൈകിപ്പിക്കുന്നു. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടവണ്ണ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാരും ആസൂത്രണ സമിതി അംഗങ്ങളും ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ കഴിഞ്ഞദിവസം ഉപരോധിച്ചിരുന്നു.
പദ്ധതി പണി പൂർത്തിയാക്കി ജല അതോറിറ്റിയെ ഏൽപ്പിച്ചാൽ വേഗത്തിൽ നടപ്പാക്കാമെന്ന് അധികൃതർ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കൊളപ്പാട്-വീമ്പുങ്കുഴി, പടിഞ്ഞാറേ ചാത്തല്ലൂർ-ഓടണ്ടപാറ പട്ടികവർഗ സങ്കേതങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിദ് കുളത്തിങ്ങൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.എ. കരീം, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങൾ, മെംബർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടത്.


