വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന; ഒന്നര വർഷത്തിൽ 150 കേസുകൾ
text_fieldsമലപ്പുറം: ദിവസങ്ങൾക്കുമുമ്പ് ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിദ്യാർഥിനിയെ രാസലഹരിയുമായി പിടികൂടിയ സംഭവം ആ വിദ്യാലയത്തിനും കുടുംബത്തിനും വലിയ ആഘാതമാണ് ഉണ്ടാക്കിയത്. മാന്യമായി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി ഇത്തരം കേസിൽ എങ്ങനെ എത്തിപ്പെട്ടു എന്നായിരുന്നു എല്ലാവർക്കും സംശയം. സമാന സംഭവങ്ങൾ സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊലീസിന്റെ പരിശോധന എത്തിപ്പെടില്ലെന്ന വിശ്വാസവും പെൺകുട്ടികളടക്കം ഇത്തരം സംഘങ്ങളുടെ ഇടനിലക്കാരാവുന്നതും ലഹരിവ്യാപനത്തിന് തടയിടാൻ പ്രയാസമാവുന്നുണ്ടെന്നാണ് എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിൽ ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുന്നുണ്ട്. എന്നാൽ, വിദ്യാലയങ്ങളിൽ പൊലീസിന് നേരിട്ട് ഇടപെടുന്നതിനുള്ള ബുദ്ധിമുട്ട് ഇടനിലക്കാരും ലഹരി മാഫിയ മുതലെടുക്കുകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിദ്യാലയങ്ങൾക്ക് പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് എക്സൈസിന്റെ 2024 ജനുവരി മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 196 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 150 കേസുകളും കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ്. അതേസമയം, കുട്ടികളുമായി ബന്ധപ്പെട്ട പല കേസുകളും രജിസ്റ്റർ ചെയ്യാതെ പോവുന്നതിനാൽ യഥാർഥ കണക്കുകൾ ഇതിനപ്പുറമായിരിക്കും.
ഒന്നര വർഷത്തിനിടെയുള്ള കണക്കുകൾപ്രകാരം കണ്ണൂർ ജില്ലയിലാണ് വിദ്യാലയ പരിസരങ്ങളിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തത്. 65 കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. പാലക്കാട്ട് 35 കേസുകളും കോഴിക്കോട്ട് 21 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർഥികളെ പേടിച്ച് അധ്യാപകർ
പുകവലിയിലൂടെ തുടങ്ങി മാരക രാസലഹരികൾ ഉപയോഗിക്കുന്ന ശീലത്തിലേക്ക് വിദ്യാർഥികൾ മാറുന്നതായി അധ്യാപകരടക്കം വെളിപ്പെടുത്തുന്നു. എന്നാൽ, കുട്ടികളിലെ ലഹരി ഉപയോഗവും ആക്രമണ സ്വഭാവവും റിപ്പോർട്ട് ചെയ്യുന്ന അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പകവീട്ടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് കേരളം ഞെട്ടലോടെ കേട്ടത്. ഇതുകൊണ്ട് കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർ പേടിക്കുന്നുണ്ട്.
ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി ഇതര സർക്കാർ വകുപ്പുകളുമായി ചേർന്ന് എക്സൈസ് വകുപ്പ് വിദ്യാലയപരിസരങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തുന്നുണ്ടെന്നും അധ്യാപകരുടെയും പൊതുജനങ്ങളുടെയും പൂർണ സഹകരണം ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ആവശ്യമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.