സമാനതകളില്ലാത്ത രക്ഷാദൗത്യം
text_fieldsഎടക്കര: ചിന്നഭിന്നമായ മനുഷ്യശരീരങ്ങള്‍, ചലനമറ്റ കുഞ്ഞുടലുകള്‍, കൈകാലുകള്‍.. ചാലിയാറിന്റെ കുത്തൊഴുക്കുകളില്‍ ഹൃദയം തകരുന്ന കാഴ്ചകള്‍ ഒഴുകിവന്നിട്ട് ഒരാണ്ട് തികയുന്നു. ഒറ്റ രാത്രികൊണ്ട് പച്ചപ്പ് നിറഞ്ഞ ഒരു ദേശത്തെയൊന്നാകെ തുടച്ചുമാറ്റിയ മുണ്ടക്കൈ, ചൂരല്‍മല ഉരുളെടുത്ത മഹാദുരന്തം 2024 ജൂലൈ 29ന് അര്‍ധരാത്രിയിലാണ് സംഭവിച്ചത്. പിറ്റേന്ന് രാവിലെ ഇതിന്റെ വേദന നിലമ്പൂരിനെയും ബാധിച്ചു. ഉരുള്‍പൊട്ടലില്‍പെട്ട നിരവധിയാളുകളുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളുമൊക്കെ ചാലിയാറിലൂടെ ഒഴുകിയെത്തിയ ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ് ഇന്നാട്ടുകാര്‍ക്ക് കാണ്ടേണ്ടിവന്നത്.
മൂന്നോ, നാലോ വയസ്സ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ചാലിയാറിലൂടെ ഒഴുകിയെത്തിയതായി ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മുണ്ടേരി കമ്പിപ്പാലത്ത് വീണുകിടന്ന മുളങ്കൂട്ടത്തിൽ തങ്ങിനിൽക്കുകയായിരുന്നു മുതദേഹം. പിന്നാലെ ഏഴ് വയസ്സുകാരിയുടെ മൃതദേഹവും ലഭിച്ചു. പാതി തലയുള്ളയാള്‍, അരക്ക് താഴേക്ക് വേര്‍പ്പെട്ട പുരുഷന്, തല വേർപെട്ട ആണ്‍കുട്ടി, കാലില്ലാത്ത മറ്റൊരാള്‍.. മരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു തുടര്‍ന്നങ്ങോട്ട്... ചാലിയാറിന്റെ കുത്തൊഴുക്കില്‍ കുമ്പളപ്പാറ, വാണിയംപുഴ, തരിപ്പപ്പൊട്ടി, ഇരുട്ടുകുത്തി, മുണ്ടേരി കമ്പിപ്പാലം, മച്ചിക്കൈ, അമ്പുട്ടാന്‍പൊട്ടി, ഭൂദാനം, കുനിപ്പാല, വെള്ളിലമാട്, പനങ്കയം തുടങ്ങി വിവിധ തീരങ്ങളില്നിന്നെല്ലാം ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.
ചാലിയാറിലൂടെ മൃതദേഹങ്ങള്‍ വന്നടിഞ്ഞ വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് പോത്തുകല്ലിലേക്ക് ഓടിയെത്തിയത്. എന്‍.ഡി.ആര്.എഫ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടന പ്രവര്‍ത്തകരും രാഷ്ട്രീയ യുവജന സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യം സമാനതകളില്ലാത്ത മാതൃകയാണ് നിലമ്പൂരിന്റെ മണ്ണില്‍ തീര്‍ത്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും ജില്ല ഭരണകൂടവും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പ്രദേശത്തെത്തി ഓരോ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പൊലീസ്, അഗ്നിരക്ഷാസേന, എന്‍.ഡി.ആര്.എഫ് ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങള്‍ക്കൊപ്പം വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ഒരു മാസത്തിലേറെ നടത്തിയ തിരച്ചിലിലൂടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.