കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കാമ്പയിൻ; ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത് ഏഴ് കാട്ടുപന്നികളെ
text_fieldsവെടിവെച്ച് കൊന്ന കാട്ടുപന്നികളുമായി പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാനും ഷൂട്ടര്‍ നിസാര്‍ അഹമ്മദും സംഘവും
എടക്കര: ജനവാസ കേന്ദ്രങ്ങളില്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ മാസ് കാമ്പയിനില്‍ വെടിവെച്ച് കൊന്ന് മൂത്തേടം പഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് താങ്ങായി മാറുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി നടന്ന പന്നി വേട്ടയില്‍ കൃഷിയിടങ്ങളിലിറങ്ങിയ ഏഴ് കാട്ടുപന്നികളെയാണ് ഷൂട്ടര്‍മാര്‍ കൊന്നൊടുക്കിയത്.
നാളുകളായി മേഖലയില്‍ കര്‍ഷര്‍ക്കും നാട്ടുകാര്‍ക്കും ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള കാമ്പയിനിന് ചൊവ്വാഴ്ചയാണ് പഞ്ചായത്തില്‍ തുടക്കമിട്ടത്. പഞ്ചായത്തിലെ എം പാനല്‍ ഷൂട്ടര്‍മാരെ കൂടാതെ മലപ്പുറം ആൻഡ് ലൈസന്‍സ് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ വിവിധ ഭാഗങ്ങളില്‍നിന്ന് ലൈസന്‍സുള്ള പത്തിലധികം ഷൂട്ടര്‍മാരെയും വേട്ടനായകളെയുമെത്തിച്ചായിരുന്നു കാട്ടുപന്നി വേട്ട.
പകല്‍ നടന്ന വേട്ടയില്‍ കാട്ടുപന്നികള്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും രാത്രിയില്‍ ഏഴുപന്നികളെ ഷൂട്ടര്‍മാര്‍ കൊന്നൊടുക്കി. അടുത്ത ദിവസങ്ങളിലും വേട്ട തുടരാനാണ് തീരുമാനം. പരിശീലനം ലഭിച്ച വേട്ടനായ്ക്കളുടെ സഹായത്തോടെ ലൈസന്‍സഡ് ഷൂട്ടര്‍ എടവണ്ണ സ്വദേശിയായ നിസാര്‍ അഹമ്മദിന്റെ നേതൃത്വത്തിലാണ് പന്നികളെ വെടിവെച്ച് കൊന്നത്. ജഡം ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദൗത്യത്തിനിടെ ഷൂട്ടര്‍ എടപ്പറ്റ സ്വദേശിയായ അരിമ്പ്ര തയ്യില്‍ മൊയ്തുവിന് നേരെ കാട്ടുപന്നി പന്നിയുടെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.