തുടരുമെന്ന് യു.ഡി.എഫ്; മാറുമെന്ന് എല്‍.ഡി.എഫ്
text_fieldsഎടക്കര: സംസ്ഥാനാതിര്‍ത്തിയിലെ പ്രധാന ടൗണായ എടക്കര 1963ല്‍ ആണ് ഗ്രാമപഞ്ചായത്തായത്. വഴിക്കടവ്, മൂത്തേടം പ്രദേശങ്ങള്‍ ഉള്‍പ്പെടെ ആദ്യത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റ് പ്ലാവനാംകുഴി സേവ്യര്‍ മാസ്റ്ററായിരുന്നു. 1987 മുതല്‍ 2000 വരെ സി.പി.എമ്മിലെ ജി. ശശിധരനും പ്രസിഡന്റ് പദവി വഹിച്ചു. യു.ഡി.എഫ് ഭരണസമിതിയാണ് കൂടുതല്‍ കാലം ഭരിച്ചത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തുടര്‍ച്ചയായി യു.ഡി.എഫാണ് ഭരിക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിനും ആയുര്‍വേദ ആശുപത്രിക്കും കെട്ടിടം നിര്‍മിച്ചത് ഉള്‍പ്പെടെ ആരോഗ്യരംഗത്തെ വികസനവും പട്ടികജാതി-വര്‍ഗ നഗറുകളുടെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നടപ്പാക്കിയ പദ്ധതികളും തങ്ങളെ തുടര്‍ന്നും അധികാരത്തിലേറ്റുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
അതേസമയം, ഷോപ്പിങ് കോംപ്ലക്‌സിന്റെ വായ്പ അടക്കാന്‍ തനതുഫണ്ട് ചെലവിട്ടതിനാല്‍ ഒരു വികസനവും പഞ്ചായത്തില്‍ നടന്നിട്ടില്ലെന്നും യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭം ഒരുക്കാനോ ഗ്രാമീണ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും ഇതിനെതിരായ ജനവികാരം വോട്ടായി മാറുമെന്നുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
നിലവില്‍ 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് അഞ്ചും മുസ്‍ലിം ലീഗ് നാലും സി.പി.എം ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ മൂന്ന് വാര്‍ഡുകള്‍ വര്‍ധിച്ച് 19 വാര്‍ഡുകളായിട്ടുണ്ട്. 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴ് വാര്‍ഡുകളില്‍ മുസ്‍ലിം ലീഗും മത്സരിക്കുന്നു. ഒരു വാര്‍ഡില്‍ സി.പി.ഐയും 18 വാര്‍ഡുകളില്‍ സി.പി.എമ്മും അവര്‍ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് രംഗത്തുള്ളത്.


