നിറവിന്റെ സ്വന്തം വരയിടം; കാൻവാസിൽ വിസ്മയം തീർത്ത് ഹരിദാസ് കുട്ടത്തി
text_fields‘നിറവ് 25’ മേളയിൽ ഒരുക്കിയ വരയിടത്തിൽ ചിത്രം വരക്കുന്ന ഹരിദാസ് കുട്ടത്തി
എടക്കര: മുന്നിലിരിക്കുന്നവരുടെ ജീവസുറ്റ ചിത്രങ്ങൾ കാൻവാസിൽ പകർത്തി ശ്രദ്ധേയനാവുകയാണ് ഹരിദാസ് കുട്ടത്തി. പോത്തുകൽ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ നടക്കുന്ന നിറവ് 25 കാർഷിക പ്രദർശന വിപണന മേളയിലാണ് ഫാം തൊഴിലാളി കൂടിയായ കരുവാരകുണ്ട് എരേങ്ങലത്ത് ഹരിദാസ് കുട്ടത്തി വലിയ നിറക്കൂട്ടുകളൊന്നുമില്ലാതെ പേനയും പെൻസിലും മാത്രമുപയോഗിച്ച് ചിത്രങ്ങൾ വരച്ചു താരമാകുന്നത്.
വരയിടം എന്ന് പേരിട്ട് ആരംഭിച്ച സ്റ്റാളിൽ വ്യക്തികളുടെയും പ്രകൃതിയുടെയും മറ്റും ചിത്രങ്ങൾ നിമിഷനേരം കൊണ്ട് കാൻവാസിലാക്കി നൽകുകയാണ് ഈ 48 കാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശന ചിത്രം, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, സുരേഷ് ഗോപി എം.പി, പി.വി. അൻവർ എം.എൽ.എ തുടങ്ങിയവരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഈ കലാകാരന്റെ പ്രതിഭ തെളിയിക്കുന്നതാണ്. സാമൂഹിക മാധ്യമങ്ങളിൽ നിന്നു കിട്ടുന്ന പ്രോത്സാഹനം തന്നെയാണ് വരയുടെ ലോകത്ത് ഊർജം പകരുന്നതെന്ന് ഇദ്ദേഹം പറയുന്നു.
സ്കൂൾ കാലത്ത് തുടങ്ങിയെങ്കിലും ജീവിതപ്രാരാബ്ദങ്ങൾക്കിടയിൽ നിലച്ചു പോയ ചിത്രം വര ഫാമിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണ് വീണ്ടും സജീവമാക്കിയത്.