നാട്ടിൽ കറങ്ങിനടന്ന് പുലി; വട്ടം കറങ്ങി ജനം
text_fieldsഎടക്കര: മൂത്തേടത്ത് വീണ്ടും പുലിയെ കണ്ടതോടെ നാട്ടുകാർ ഭയാശങ്കയിൽ. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ കാട്ടിക്കല്ലിലാണ് പുലിയെ കണ്ടത്. കാഞ്ഞിരംപാറ കമർ ആണ് വീടിനോട് ചേർന്നുള്ള കോഴിക്കൂട് അടക്കാനെത്തിയപ്പോൾ പുലിയെ കണ്ടത്. സമീപത്തെ റബർ തോട്ടത്തിലൂടെ പുലി നടന്നു പോവുന്നതാണ് കണ്ടതെന്ന് ഇയാൾ പറയുന്നു. വിവരമറിഞ്ഞ് വാർഡ് അംഗം ജസ്മൽ പുതിയറയും നാട്ടുകാരും സ്ഥലത്തെത്തി.
വാർഡംഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം ദ്രുതകർമ സേനയെ അയക്കാമെന്ന് ഡി.എഫ്.ഒ അറിയിച്ചതായി ജസ്മൽ പുതിയറ പറഞ്ഞു. സമീപ പ്രദേശമായ നാരങ്ങാപ്പൊട്ടി വാതില്ക്കാടന് മുജീബിന്റെ വീട്ടിലെ നായെ കഴിഞ്ഞ ദിവസം അജ്ഞാത ജീവി കടിച്ചു കൊന്നിരുന്നു.
നാല് ദിവസം മുമ്പ് കുറ്റിക്കാട് പുതുവായില്‍ മദ്റസ വിദ്യാര്‍ഥികളും പുലിയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് പടുക്ക വനം ഓഫിസ് സമീപ പ്രദേശത്ത് കൂട്ടില്‍ കെട്ടിയ ആടിനെയും ഉടമക്കൊപ്പം സഞ്ചരിച്ച നായെയും പുലി പിടിച്ചിരുന്നു. പുലി ഭീതി കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മലയോര വാസികള്‍.