വാണിയംപുഴയില്‍ പോളിങ് ശതമാനം കൂടി, പുഞ്ചക്കൊല്ലിയില്‍ കുറഞ്ഞു
text_fieldsഅസുഖബാധിതയായ വയോധികയെ വോട്ട് ചെയ്യാൻ ജി.എൽ.പി സ്കൂൾ മാങ്കുത്തിലെ ബൂത്തിനകത്ത് കയറ്റുന്ന പൊലീസ്
എടക്കര: ആദിവാസികള്‍ക്കായി വനങ്ങള്‍ക്കുള്ളിലെ നഗറുകളില്‍ അനുവദിച്ച പോളിങ് ബൂത്തുകളില്‍ വാണിയംപുഴയില്‍ പോളിങ് ശതമാനം കൂടി, പുഞ്ചക്കൊല്ലിയില്‍ കുറഞ്ഞു. വാണിയംപുഴ 80.44 ശതമാനവും വഴിക്കടവ് പുഞ്ചക്കൊല്ലി ബൂത്തില്‍ 60.01 ശതമാനവും പോളിങ്ങാണ് ഉണ്ടായത്. 2024 ഏപ്രിലില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വാണിയംപുഴ ബൂത്തില്‍ 74.03 ശതമാനവും പുഞ്ചക്കൊല്ലി പ്രീസ്കൂളിലെ ബൂത്തില്‍ 70 ശതമാനവുമാണ് പോളിങ് നടന്നത്.
മുണ്ടേരി ഉള്‍വനത്തിലെ നഗറുകളായ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കമ്പളപ്പാറ എന്നിവിടങ്ങളിലുള്ളവർക്കായാണ് വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ബൂത്ത് ഒരുക്കിയിരുന്നത്. നാല് നഗറുകളിലായി 271 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 218 പേര് വോട്ടുകള്‍ രേഖപ്പെടുത്തി. 106 സ്ത്രീകളും 112 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുഞ്ചക്കൊല്ലി, അളക്കല്‍ ഊരുകാര്‍ക്കായി ഒരുക്കിയ വനത്തിലെ ബൂത്തില്‍ 256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 154 പേര് വോട്ട് രേഖപ്പെടുത്തി. 82 പുരുഷന്മാരും 72 സ്ത്രീകളുമാണ് ഇവിടെ വോട്ട് ചെയ്തത്.
വനവിഭവ ശേഖരണവുമായി ബന്ധപ്പെട്ട് പല ആദിവാസി കുടുംബങ്ങളും ഉള്‍വനങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പത്തും പതിനാലും കിലോമീറ്റര്‍ സഞ്ചരിച്ച് വേണമായിരുന്നു മുണ്ടേരിയിലെയും പുഞ്ചക്കൊല്ലി, അളയ്ക്കല്‍ ഊരുകളിലെയും വോട്ടർമാര്‍ക്ക് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താന്‍.