ഉടമയുടെ കണ്മുന്നില് വളർത്തുനായെ പുലി പിടിച്ചു
text_fieldsമൂത്തേടം കൽക്കുളത്ത് വളർത്തുനായെ പുലി പിടിച്ചുകൊണ്ടു പോയതിൽ പ്രതിഷേധിച്ച് പടുക്ക വനം സ്റ്റേഷനിലെത്തിയ നാട്ടുകാർ
എടക്കര: വളര്‍ത്ത് നായുമായി സവാരിക്കിറങ്ങിയ ഉടമയുടെ കണ്മുന്നില് പുലി നായെ പിടിച്ചുകൊണ്ടുപോയി. ഉടമ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മൂത്തേടം കല്‍ക്കുളം തുണ്ടത്തില്‍ റോബിന്റെ നായെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. നായ് മുന്നിലും റോബിന് പിറകിലുമായാണ് നടന്നിരുന്നത്. ഇതിനിടെ റോഡിലേക്ക് പാഞ്ഞെത്തിയ പുലി നായെ പിടികൂടി പടുക്ക വനത്തിലേക്ക് കടക്കുകയായിരുന്നു. സംഭവം കണ്മുന്നില്കണ്ട റോബിന് ഭയന്നുവിറച്ചു.
ചൊവ്വാഴ്ച രാത്രി പത്തോടെ പടുക്ക ഫേറാസ്റ്റ് സ്റ്റേഷന് സമീപം കാരപ്പുറം നെല്ലിക്കുത്ത് റോഡിൽ സംഭവം നടന്നത്. നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലെ വള്ളുവശ്ശേരി ബീറ്റില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് പുലി നായെ ആക്രമിച്ചത്. എന്നാൽ, വിവരമറിഞ്ഞ നാട്ടുകാര്‍ സൗത്ത് ഡിവിഷന് കീഴിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരോട് വിവരം പറഞ്ഞെങ്കിലും നിരുത്തരവാദപരമായ സമീപനമായിരുന്നു ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. നാളുകളായി പുലിയുടെ സാന്നിധ്യം കല്‍ക്കുളം ജനവാസകേന്ദ്രങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ അഞ്ചിന് കൽക്കുളത്തെ മുണ്ടുകോട്ടക്കല്‍ ജോസ് തോമസ് എന്ന ബിജുവിന്റെ കൂട്ടില്‍ കിടന്ന ആടിനെ പുലി കടിച്ചുകൊന്നിരുന്നു. ഇതേത്തുടര്‍ന്ന് നിലമ്പൂരില്‍നിന്ന് ആര്.ആര്.ടി സേന സ്ഥലത്ത് എത്തി പരിശോധന നടത്തുകയും വള്ളുവശ്ശേരി വനം അധികൃതര്‍ പ്രദേശത്ത് രണ്ട് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. മനുഷ്യരുടെ കണ്മുന്നില് പോലും പുലി വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്ന സാഹചര്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.