വന്യമൃഗ ശല്യം രൂക്ഷം; ഉറക്കം നഷ്ടപ്പെട്ട് മലയോര മേഖല
text_fieldsകാട്ടാന നശിപ്പിച്ച കൃഷിയിടത്തില്‍ വിഷക്കുപ്പിയുമായി നില്ക്കുന്ന നെടുമ്പ മുഹമ്മദ്
എടക്കര: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി മലയോര മേഖല. പോത്തുകല്‍ പഞ്ചായത്തിലെ കോടാലിപ്പൊയില്‍, നെടുംപൊട്ടി, ചന്തക്കുന്ന്, അറനാടന്‍ നഗര്‍, പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളും പുലിയും പന്നിക്കൂട്ടവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒരാഴ്ച മുമ്പ് അറനാടന്‍ നഗറിലെ സുമതിയുടെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തിരുന്നു.
ചക്കക്കാലമായതിനാല് വൈകീട്ട് ഏഴോടെ കാട്ടാന നാട്ടിലെത്തും ചക്കയും തിന്ന് കൃഷികളും നശിപ്പിച്ച് പുലര്‍ച്ചയാണ് മടങ്ങുന്നത്. ഇതിന് പുറമെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യവും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് നെടുംപൊട്ടി, പൊയില്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് നായകളെയാണ് പുലി പിടിച്ചുകൊണ്ടുപോയി ഭക്ഷിച്ചത്.
രാത്രി ഏഴുമണിയായാല്‍ പുലിയും ആനയും നാട്ടിലെത്തും. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപന്നി കൂട്ടവും ജനവാസ കേന്ദ്രങ്ങളിൽ വിലസുകയാണ്. ഇതെല്ലാം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ച മദ്റസകളില്‍ പോയ വിദ്യാര്‍ഥികള്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടിരുന്നു. ഭാഗ്യംകൊണ്ടാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വഴിക്കടവ് റേഞ്ചിന് കിഴിലെ കരിയംമുരിയം വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. നാലുവര്‍ഷം മുമ്പ് തകരാര്‍ പരിഹരിക്കാന്‍ കെണ്ടുപോയ ഒരു ബാറ്ററി ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
പുതിയ ബാറ്ററി സ്ഥാപിച്ച് നിലവിലുള്ള സോളാര്‍ വേലി കാര്യക്ഷമമാക്കുമെന്ന് റേഞ്ച് ഓഫിസര്‍ ഷെരീഫ് പനേലന് അറിയിച്ചു.
ലൈനില്‍ പടര്‍ന്ന ചെടികള്‍ ശനിയാഴ്ച തന്നെ നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇതിന് പുറമെ ആര്.കെ.വി.വൈ പദ്ധതി പ്രകാരം പന്നിച്ചാല്‍ മുതല്‍ നഗർ മുക്ക് വരെയുള്ള വനാതിര്‍ത്തിയില്‍ തൂക്കുവേലി നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തൂക്കുവേലിയുടെ നിര്‍മാണം ആരംഭിക്കുമെന്നും വഴിക്കടവ് റേഞ്ച് ഓഫിസര്‍ അറിയിച്ചു.
കൃഷിനാശത്തിൽ മനംനൊന്ത് കർഷകന്റെ ആത്മഹത്യ ഭീഷണി
എടക്കര: വനാതിര്‍ത്തിയിലെ കൃഷിയിടം കാട്ടാന നശിപ്പിച്ചതില്‍ മനംനൊന്ത് വിഷക്കുപ്പി കൈയിലേന്തി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോത്തുകല്‍ കോടാലിപ്പൊയില്‍ നെടുംപൊട്ടിയിലെ നെടുമ്പ മുഹമ്മദാണ് കൃഷി നാശത്തില്‍ മനംനെന്ത് വിഷക്കുപ്പിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ വഴിക്കടവ് വനം റേഞ്ച് ഓഫിസര്‍ ഷെരീഫ് പനോലനടക്കമുള്ള വനപാലകരെ പ്രശ്നപരിഹാരമാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞു.
കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണാമെന്ന് പറഞ്ഞ് മുഹമ്മദിനെ നാട്ടുകാരും വനം ജീവനക്കാരും ചേര്‍ന്ന് അനുനയിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. രോഗബാധിതരും കിടപ്പുരോഗികളുമായ രണ്ട് സഹോദരങ്ങളുടേതടക്കമുള്ള ഒന്നരയേക്കര്‍ ഭൂമിയിലാണ് മുഹമ്മദ് കൃഷി ചെയ്തുവരുന്നത്.
വാഴ, തെങ്ങ്, കമുക്, കപ്പ, ചേമ്പ്, കൂവ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ കൃഷി ചെയ്തു വരുന്നുണ്ട്. ശനിയാഴ്ച രാത്രി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ് ലൈനില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും അഞ്ച് മരങ്ങള്‍ തള്ളിയിട്ട് വേലി തകര്‍ത്ത ശേഷമാണ് കാട്ടാന കൃഷിയിടത്തില്‍ പ്രവേശിച്ചത്. തോട്ടത്തിലെ വാഴ, കമുക്, കപ്പ തുടങ്ങിയ വിളകള്‍ പൂര്‍ണമായി കാട്ടാന നശിപ്പിക്കുകയും ചെയ്തു.
ഭാരിച്ച കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ കൃഷി പണികള്‍ മുഴുവന്‍ 63കാരനായ മുഹമ്മദും ഭാര്യയും ചേര്‍ന്നാണ് ചെയ്തിരുന്നത്. അധ്വാനിച്ചുണ്ടാക്കിയവയെല്ലം ഒരു സുപ്രഭാതത്തില്‍ കാട്ടാന നശിപ്പിച്ചതിലുള്ള മനോവിഷമത്തിലാണിയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകളും കായ്ച്ചതും കായ്ക്കാറയതുമായ നിരവധി കമുകുകളും കപ്പയടക്കം കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷം കാട്ടാന കൃഷി നശിപ്പിച്ചതിന് അപേക്ഷ നല്‍കിയെങ്കിലും വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. ഇയാളുടെ കൃഷിയിടത്തിലെ 400 വാഴകളാണ് കഴിഞ്ഞ വര്‍ഷം മാത്രം കാട്ടാന നശിപ്പിച്ചത്. അടിയന്തരമായി കാട്ടാന പ്രശ്നം പരിഹരിക്കാമെന്ന റേഞ്ച് ഓഫിസറുടെ ഉറപ്പിലാണ് മുഹമ്മദ് ആത്മഹത്യ ഭീഷണി അവസാനിപ്പിച്ചത്.