കലിയടങ്ങാതെ കാട്ടാന; വീണ്ടും ജനവാസ കേന്ദ്രങ്ങളില്‍
text_fieldsമൂത്തേടം പാലാങ്കര പാലത്തിന് താഴെ കരിമ്പുഴയിലൂടെ
നടക്കുന്ന കൊമ്പന്
എടക്കര: കാട്ടാനകള്‍ ഭീതി പരത്തി വീണ്ടും ജനവാസ കേന്ദ്രങ്ങളില്ലെത്തി. മൂത്തേടം പാലാങ്കര പാലത്തിന് സമീപമാണ് ബുധനാഴ്ച രാത്രി ഒറ്റക്കൊമ്പന് ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം പാലത്തിന് ചുവട്ടില്‍ കുളിക്കാനെത്തിയ കരുളായി സ്വദേശിയെ ആക്രമിച്ച ഒറ്റയാനാണ് ബുധനാഴ്ചയും ഭീതി പരത്തിയത്. രാത്രി എട്ടോടെയാണ് ഒറ്റയാന് ജനവാസ കേന്ദ്രത്തിലെത്തിയത്. പുലര്‍ച്ചെ ആറോടെ പാലത്തിന് ചുവട്ടില്‍ എത്തിയ ഒറ്റയാന് കാഴ്ചക്കാര്‍ക്ക് നേരെ ചീറിയടുത്തു. പാലത്തിലുണ്ടായിരുന്നവര്‍ ടോര്‍ച്ചടിച്ചും ഒച്ചവെച്ചുമാണ് ഒറ്റയാനെ കല്ലേംതോട് ഒ.പി വനമേഖലയിലേക്ക് കയറ്റിത്. പുലരുവേളം ജനവാസ കേന്ദ്രത്തില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടം ഈ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തര ഭീഷണിയായിരിക്കുകയാണ്.
കല്ലേംതോട് മുക്ക് മുതല്‍ മൈലംപാറ വരെയുള്ള പതിനഞ്ച് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് ഇല്ലാത്തതാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്താന്‍ കാരണം.
വനത്തില്‍ കാലിമേയ്ക്കാന് പോയ മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയെ ബുധനാഴ്ചയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.