അനിൽ മേക്കപ്പിട്ടാൽ ഒന്നാം സമ്മാനം ഉറപ്പ് !
text_fieldsഎടപ്പാൾ ഉപജില്ല കലോത്സവത്തിൽ വിദ്യാർഥിനിക്ക് മേക്കപ്പിടുന്ന അനിൽ
എടപ്പാൾ: അനിൽ എടപ്പാൾ മേക്കപ്പിട്ടാൽ ഒന്നാം സമ്മാനം ഉറപ്പാണെന്നാണ് പലരുടെയും വിശ്വാസം. ഈ വിശ്വാസം ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ 21 വർഷം തുടർച്ചയായി അനിൽ മേക്കപ്പിട്ട തിരുവാതിര സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ തിരുവാതിര സംഘമാണ് അനിലിന്റെ പിന്തുണയോടെ 21 വർഷം തുടർച്ചയായി ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടിയത്. ഈ പെരുമ കേട്ട് നിരവധി സ്കൂളുകളാണ് അനിലിന്റെ ഊഴം കാത്തുനിൽക്കുന്നത്. നെല്ലിശ്ശേരി സ്വദേശിയായ അനിൽ മേക്കപ്പ് രംഗത്ത് 22 വർഷമായി തിളങ്ങി നിൽക്കുന്നു. കലോത്സവങ്ങളിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മേക്കപ്പ് ചെയ്യുന്നുണ്ട്. ജില്ലക്ക് പുറത്ത് നിന്നുള്ള സ്കൂളുകൾക്കും കോളജുകൾക്കും സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകൾക്കും വേണ്ടി മേക്കപ്പ് ആർട്ടിസ്റ്റായിട്ടുണ്ട്. ലോക രാജ്യങ്ങൾ പങ്കെടുത്ത ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത ആർട്ടിസ്റ്റുകളിൽ ഒരാളാണ്. ഇതിനു പുറമേ മറ്റു വിദേശ രാജ്യങ്ങളിലെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
അടുത്ത കാലത്ത് സിനിമ രംഗത്തും ചുവടുവെച്ചു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘ചിത്തിന’ എന്ന ചിത്രത്തിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു. നൃത്തം പഠിക്കാൻ പോയ അനിൽ പിന്നീടാണ് മേക്കപ്പ് രംഗത്തേക്ക് തിരിയുന്നത്.
നൃത്തം പഠിച്ചെങ്കിലും അരങ്ങേറ്റം നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടിയ അനിലിനെ അയൽവാസി സക്കീനയാണ് കൈയിലെ വള ഊരി നൽകി സഹായിച്ചത്. പിന്നീട് നൃത്തം വിട്ട് മേക്കപ്പ് ജീവിതോപാധിയാക്കി. നല്ലൊരു നാടൻ പാട്ട് ഗായകൻ കൂടിയാണ്. കുട്ടികളെ മോണോ ആക്ട് പഠിപ്പിക്കുന്നുമുണ്ട്.